ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും കണ്ണട ആവശ്യമാണെന്നാണ് ഹെൽത്ത് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അവരിൽ നാലിലൊന്ന് മാത്രമേ യഥാർത്ഥത്തിൽ കണ്ണട ധരിക്കുന്നുള്ളൂ. അതേസമയം ഫാഷൻ ആക്സസറിയായി കണ്ണട ധരിക്കാൻ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം നോക്കിയാൽ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ ഗ്രൂപ്പിലെ ഉപഭോക്താക്കൾ ഒന്നിലധികം കണ്ണടകൾ ഉപയോഗിക്കുന്നവരുമാണ്. ഇന്ത്യയിൽ പ്രതിദിനം 1.5 ദശലക്ഷത്തിലധികം കണ്ണടകൾ വിൽക്കപ്പെടുന്നുവെന്നാണ് കണക്ക്. ഈ വിപണിയിലേക്കാണ് 2010-ൽ ലെൻസ്കാർട്ട് പിറന്നു വീണത്.പീയൂഷ് ബൻസാലും അമിത് ചൗധരിയും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ലെൻസ്കാർട്ട്. ഇന്ത്യയ്ക്ക് ഒരു വിഷൻ നൽകുകയെന്നതാണ് ലെൻസ്കാർട്ടിന്റെ മിഷനെന്നാണ് നിർമാതാക്കൾ പറയുന്നത്. അക്കാലത്ത്, കണ്ണടകൾക്കായി ഇന്ത്യൻ വിപണിയിൽ ഓൺലൈൻ ഓപ്ഷനുകൾ വളരെ കുറവായിരുന്നു. ലെൻസ്കാർട്ട് ഇടം പിടിച്ചത് ആ ഒഴിവിലാണ്.
ഐഐടി പ്രവേശനം നേടാൻ ലക്ഷ്യമിട്ട പീയൂഷ് ബൻസാൽ നിർഭാഗ്യവശാൽ അതിൽ പരാജയപ്പെട്ടു. പിന്നീട് കാനഡയിലെ മക്ഗിൽ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ശേഷം യുഎസ് സോഫ്റ്റ് വെയർ ഭീമനായ മൈക്രോസോഫ്റ്റിൽ ജോലിയിൽ പ്രവേശിച്ചു. മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കൽ ബിൽ ഗേറ്റ്സിനെ കണ്ടു. കാരണം ഗേറ്റ്സ് തന്റെ കമ്പനിയിലെ ഇന്റേണുകളെ വീട്ടിൽ വിളിക്കാറുണ്ടായിരുന്നു. 50,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന ഒരു കമ്പനി സൃഷ്ടിച്ചതിലൂടെ ബിൽഗേറ്റ്സ് വലിയൊരു കാര്യം ചെയ്തുവെന്നും എന്നാൽ ഇത്രയും വലിയൊരു കമ്പനിയുടെ ഭാഗമല്ല ഇതുപോലെ ഒന്ന് സൃഷ്ടിക്കുന്നതാണ് തന്റെ നിയോഗമെന്ന് ബൻസാൽ മനസ്സിലാക്കിയത് ഈ കൂടിക്കാഴ്ചയിലാണ്. ഇന്ത്യയിൽ തിരിച്ചെത്തിയ പീയൂഷ് ബൻസാൽ ബാംഗ്ലൂർ ഐഐഎമ്മിൽ മാനേജ്മെന്റിൽ പിജി പഠിക്കാൻ പോയി. പഠനകാലത്ത് SearchMyCampus എന്ന ബിസിനസ് പോർട്ടലിനും പിന്നീട് Flyrr.com എന്ന വെബ്സൈറ്റിനും ശേഷമാണ് ലെൻസ്കാർട്ടിന് തുടക്കമിടുന്നത്.
ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, പോർട്ട്ഫോളിയോ, വേഗത്തിലുളള ഡെലിവറി, വിൽപ്പനാനന്തര പിന്തുണ എന്നിവയാണ് ലെൻസ്കാർട്ടിന്റെ വിജയരഹസ്യം. കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യയിലെ മുൻനിര കണ്ണട ബ്രാൻഡായി ലെൻസ്കാർട്ട് മാറി.ഉപഭോക്താക്കൾക്ക് കണ്ണട വാങ്ങുന്നതിന് മുമ്പ് അത് പരീക്ഷിക്കാവുന്ന ഒരു ഹോം ട്രയൽ സേവനവും അവർ വാഗ്ദാനം ചെയ്തു. വിശ്വസ്തമായ ഒരു ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കാൻ ഇത് അവരെ സഹായിച്ചു.ആദ്യമായി ഹോം ഐ ചെക്കപ്പിലൂടെയും ലെൻസ്കാർട്ട് കണ്ണട വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. കൂടാതെ 14 ദിവസത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയോടെ സൗജന്യ ഹോം ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിജയം കണ്ട ലെൻസ്കാർട്ട് 2017-ൽ, അസിം പ്രേംജിയുടെ നിക്ഷേപ വിഭാഗമായ പ്രേംജി ഇൻവെസ്റ്റിൽ നിന്ന് ഫണ്ടിംഗ് നേടി. 2019 ഡിസംബറിൽ യൂണികോൺസ് ക്ലബ്ബിലും പ്രവേശിച്ചു.
B2C കൺസെപ്റ്റ് ഉള്ള ഒരു ഇൻവെന്ററി-ഡ്രൈവ് ബിസിനസ് മോഡലിലാണ് ലെൻസ്കാർട്ട് പ്രവർത്തിക്കുന്നത്.ഇൻ-ഹൗസ് സ്റ്റൈലിസ്റ്റുകളും ഡിസൈനർമാരും ഏറ്റവും പുതിയ കണ്ണട ട്രെൻഡുകൾ നൽകുന്നു.ലെൻസ്കാർട്ട് 5000ലധികം വ്യത്യസ്തമായ കണ്ണടകൾ വാഗ്ദാനം ചെയ്യുന്നു. ലെൻസ്കാർട്ടിന് ചൈനയിലെ ഷെങ്ഷൗവിലും ഒരു ഫാക്ടറി ഉണ്ട്. അത് ഫ്രെയിം നിർമ്മാണത്തിന്റെ 20% കൈകാര്യം ചെയ്യുന്നു.
സൺഗ്ലാസ് മുതൽ റീഡിംഗ് ഗ്ലാസുകൾ, കോൺടാക്റ്റ് ലെൻസുകൾ വരെ കണ്ണട വിഭാഗത്തിലുള്ള എല്ലാം കമ്പനി നിർമ്മിക്കുന്നു.ലെൻസ്കാർട്ട് ഓൺലൈൻ, ഓഫ്ലൈൻ വിതരണ പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. 2021 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളം 80-ലധികം ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകൾ സ്ഥാപിച്ചു. ഉപഭോക്താക്കൾക്ക് www.lenskart.com-ൽ ഓൺലൈനായി അല്ലെങ്കിൽ ഓഫ്ലൈൻ സ്റ്റോറിൽ നേരിട്ട് ഷോപ്പിംഗ് നടത്താം.
നിങ്ങളൊരു സംരംഭകനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ലെൻസ്കാർട്ടിന്റെ വളർച്ച ഒരു പ്രചോദനമാണ്. ഒരു ചെറിയ സ്റ്റാർട്ടപ്പിന് ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡായ എങ്ങനെ മാറാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്. അടുത്ത വിജയഗാഥ നിങ്ങളുടേതാകട്ടെ.