ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗത്ത് വലുപ്പത്തിലും വ്യാപ്തിയിലും ചെറുകിട-ഇടത്തരം സംരംഭങ്ങൾ പുരോഗതി കൈവരിക്കുമ്പോഴും ആ മേഖലയിൽ നിലവിലുള്ള നിയമങ്ങളെക്കുറിച്ച് ഭൂരിഭാഗം കച്ചവടക്കാരും ബോധവാന്മാരല്ലെന്ന് റിപ്പോർട്ട്.ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ചെറുകിട വിൽപ്പനക്കാർക്കിടയിൽ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണസംഘടനയായ CUTS Institute for Regulation and Competition (CIRC) നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ.സർവ്വേ പ്രകാരം,71% കച്ചവടക്കാർക്കും ഇ-കൊമേഴ്സ് രംഗത്തെ നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് കണ്ടെത്തി.
വേണം ഏകീകൃത നിയമനിർമ്മാണം
നിലവിൽ, ഇ-കൊമേഴ്സ് പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു ഏകീകൃത നിയമനിർമ്മാണവും ഇന്ത്യയിലില്ല.ഉപഭോക്തൃ സംരക്ഷണ നിയമം, എഫ്ഡിഐ നിയമങ്ങൾ, വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ എന്നിവയ്ക്ക് കീഴിലാണ് ഇത്തരം ഇ-കൊമേഴ്സ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടു– ന്നത്.അതേസമയം, ദേശീയ ഇ-കൊമേഴ്സ് നയമാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രസർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുമുണ്ട്.
വിൽപ്പന കൂടുതൽ ഓൺലൈനിൽ
ചെറുകിട, ഇടത്തരം കച്ചവടക്കാരിൽ ഭൂരിഭാഗത്തിനും മൊത്തം വിൽപ്പനയുടെ 85 ശതമാനവും ഓൺലൈൻ വഴിയുള്ളതാണ്.ചില കച്ചവടക്കാർ അവരുടെ ഓൺലൈൻ ഉപഭോക്തൃ അടിത്തറ ഓഫ്ലൈൻ സ്റ്റോറിനേക്കാൾ വളരെ കൂടുതലാണെന്ന് പ്രതികരിച്ചു.അതിൽ പകുതി പേരും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് ഉപഭോക്താക്കൾക്കായി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ഓഫ്ലൈനേക്കാൾ ഉയർന്ന മത്സരം ഓൺലൈനിലാണ് അവർ നേരിടുന്നത്. കൂടുതൽ ഉപഭോക്താക്കളെ നേടുന്നതിനുള്ള ഒരു മാർഗമാണ് ഡിസ്കൗണ്ടുകളെന്നും സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.14 ചെറുകിട വിൽപ്പനക്കാർക്കിടയിൽ അവരുടെ ഇ-കൊമേഴ്സ് അനുഭവം അളക്കാനുള്ള സർവേയും CUTS നടത്തി. ഉപഭോക്താക്കളിൽ 331 പേരുടെ പ്രതികരണങ്ങളും വിശകലനം ചെയ്തു. ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളെ അപേക്ഷിച്ച് ഓൺലൈനിൽ കൂടുതൽ ഡീലുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്നുണ്ടെന്ന് 83.08 ശതമാനം പേർ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഓൺലൈനിൽ ഷോപ്പിംഗ് ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഓൺലൈൻ അവലോകനങ്ങൾ ഉപയോഗപ്രദമാണെന്ന് 79.46 ശതമാനം പേരും പ്രതികരിച്ചു.