മുലപ്പാൽ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ ഭക്ഷണമാണ്, എന്നാൽ എല്ലാ അമ്മമാർക്കും മുലയൂട്ടാൻ കഴിയില്ല, ദത്തെടുക്കൽ അല്ലെങ്കിൽ വാടക ഗർഭധാരണം വഴി കുഞ്ഞുങ്ങളുണ്ടാകുന്ന മാതാപിതാക്കൾക്ക് മുലയൂട്ടുന്നതിന് സാധ്യമല്ല. അമേരിക്കയിലെ നോർത്ത് കരോലിന ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ശരീരത്തിന് പുറത്ത് മുലപ്പാൽ സൃഷ്ടിക്കാനായാണ് പ്രവർത്തിക്കുന്നത്. ലോകത്തിൽ ആദ്യമായി ലാബിൽ സൃഷ്ടിച്ച പ്ലാന്റ് ബേസ്ഡ് ബർഗറിനെ കുറിച്ച് കേട്ടതാണ് BIOMILQ-ന് പ്രചോദനമായത്. 2013 ൽ സ്റ്റാർട്ടപ്പിന്റെ കോ ഫൗണ്ടറും ചീഫ് സയൻസ് ഓഫീസറുമായ ലീല സ്ട്രിക്ലാൻഡിലാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. ഒരു സെൽ ബയോളജിസ്റ്റ് കൂടിയായ സ്ട്രിക്ലാൻഡ് സമാനമായ സാങ്കേതികവിദ്യ മനുഷ്യന്റെ പാൽ ഉൽപ്പാദന കോശങ്ങളെ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കാമോ എന്ന് പരീക്ഷിച്ചു. അങ്ങനെയാണ് ബയോമിൽക്ക് ഗവേഷണങ്ങൾ തുടങ്ങുന്നത്.
ആഗോളതലത്തിൽ, മൂന്ന് കുട്ടികളിൽ ഒരാൾക്ക് മാത്രമേ ആദ്യത്തെ ആറ് മാസങ്ങളിൽ മുലപ്പാൽ ലഭിക്കുന്നുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. തന്റെ ആദ്യ കുട്ടിക്ക് മതിയായ മുലപ്പാൽ നൽകുന്നതിന് സ്ട്രിക്ലാൻഡിന് കഴിഞ്ഞിരുന്നില്ല. ലോകത്ത് ധാരാളം സ്ത്രീകൾ സമാനമായ അവസ്ഥ നേരിടുന്നുണ്ട്. പല മാതാപിതാക്കളും ഫോർമുലയെ ആശ്രയിക്കുന്നു. മാർക്കറ്റ് റിസർച്ച് പ്രൊവൈഡർ യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ, പാൽ ഫോർമുല വ്യവസായത്തിന്റെ മൂല്യം 2021-ൽ 52 ബില്യൺ ഡോളറായിരുന്നു. പലപ്പോഴും പാൽ പൊടി അടിസ്ഥാനമാക്കിയുള്ള ഫോർമുലയ്ക്ക് ധാരാളം പോഷക ആവശ്യകതകൾ നിറവേറ്റാൻ കഴിയും, എന്നാൽ അതിന് മനുഷ്യന്റെ പാലിന്റെ സമാന ഗുണം നൽകാനാവില്ലെന്ന് സ്ട്രിക്ലാൻഡ് പറയുന്നു. BIOMILQ-ന്റെ ഉൽപ്പന്നം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്സ്, കൊഴുപ്പുകൾ എന്നിവയുടെ സമാന അനുപാതങ്ങളുള്ള ഫോർമുലയേക്കാൾ മുലപ്പാലിന്റെ പോഷക പ്രൊഫൈലുമായി നന്നായി പൊരുത്തപ്പെടുന്നതാണെന്ന് സ്ട്രിക്ലാൻഡ് പറയുന്നു.
BIOMILQ ടീം അതിന്റെ ഉൽപ്പന്നം സൃഷ്ടിക്കുന്നത് മനുഷ്യന്റെ സ്തന കോശങ്ങളിൽ നിന്നും പാലിൽ നിന്നും എടുത്ത കോശങ്ങളിൽ നിന്നുമാണ്. BIOMILQ കോശങ്ങളെ ഫ്ലാസ്കുകളിൽ വളർത്തുന്നു. അവയ്ക്ക് പോഷകങ്ങൾ നൽകുന്നു, തുടർന്ന് അവയെ ഒരു സ്തനത്തിലെ സാഹചര്യമുളള ഒരു ബയോ റിയാക്ടറിൽ ഇൻകുബേറ്റ് ചെയ്യുന്നു. ഇവിടെ, കോശങ്ങൾ കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യുകയും മിൽക്ക് കംപോണന്റ്സ് സെക്രീറ്റ് ചെയ്യുകയും ചെയ്യുന്നു. BIOMILQ ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നതിന് ഇനിയും മൂന്ന് മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കണമെന്ന് സ്ട്രിക്ലാൻഡ് പറയുന്നു. ആദ്യം, സ്റ്റാർട്ടപ്പിന് സ്തനകോശങ്ങൾ കുറഞ്ഞ ചിലവിൽ വളരെ വലിയ തോതിൽ വളർത്തേണ്ടതുണ്ട് . BIOMILQ-ന്റെ ഈ ഉൽപ്പന്നം കുഞ്ഞുങ്ങൾക്ക് സുരക്ഷിതമാണെന്ന് റെഗുലേറ്റർമാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
BIOMILQ മാത്രമല്ല കുഞ്ഞുങ്ങൾക്കായി ഒരു പുതിയ തരം പാൽ സൃഷ്ടിക്കാൻ പോകുന്നത്. സിംഗപ്പൂരും അമേരിക്കയും ആസ്ഥാനമായുള്ള Turtle Tree, മനുഷ്യരുൾപ്പെടെയുള്ള സസ്തനികളിൽ നിന്ന് പാൽ ഘടകങ്ങൾ ഉണ്ടാക്കുന്നതിനായി സ്റ്റെം സെല്ലുകൾ സംസ്കരിക്കുന്നു. അതേസമയം ന്യൂയോർക്ക് ആസ്ഥാനമായുള്ള Helaina മനുഷ്യ പാലിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ വളർത്താൻ മൈക്രോബിയൽ ഫെർമെന്റേഷൻ ഉപയോഗിക്കുന്നു. മുലപ്പാലിന് പൂർണമായും പകരമായില്ലെങ്കിൽ കൂടി ദത്തെടുക്കലോ വാടക ഗർഭധാരണമോ നടത്തുമ്പോൾ മാതാപിതാക്കൾക്ക് ഇതൊരു ചോയ്സ് നൽകുമെന്ന് കരുതുന്നു.