ഇന്ത്യയുടെ നൂറാമത്തെ യൂണികോൺ ആയത് കേരള സ്റ്റാർട്ടപ്പായ Open Financial Technologies ആണ്. ഓപ്പണിന്റെ വിജയത്തിന് പിന്നിൽ കോ ഫൗണ്ടർമാരായി രണ്ട് വനിതകളുമുണ്ട്. Mabel Chacko, Deena Jacob. ഇന്ത്യയുടെ 100 യൂണികോണുകളിൽ ഒരു വനിതാ ഫൗണ്ടറോ, കോഫൗണ്ടറോ ഉള്ള അഞ്ചാമത്തെ സ്റ്റാർട്ടപ്പാണ് ഓപ്പൺ. കേരളത്തിൽ മലപ്പുറത്ത് നിന്ന് 2017-ൽ ഉദയം കൊണ്ട ഓപ്പൺ, ബംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഈ നിയോബാങ്ക് ഫിൻടെക് സ്റ്റാർട്ടപ്, അനീഷ് അച്യുതൻ, മേബൽ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവരുടെ സ്വപ്നസംരംഭമാണ്
IIM ബാംഗ്ലൂർ പൂർവ്വവിദ്യാർത്ഥിയും ഓപ്പണിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മേബൽ, ഫിൻടെക് മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള ഒരു സംരംഭകയാണ്. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ നൂറാമത്തെയും യൂണികോണായി ഓപ്പൺ മാറിയതിൽ അഭിമാനമുണ്ടെന്ന് മേബൽ ചാക്കോ പറയുന്നു.

ഓപ്പണിന്റെ സിഎഫ്ഒ ആയ ഡീന മുമ്പ് ടാപ്സോയുടെ (Tapzo) സിഎഫ്ഒയും ടാക്സിഫോർഷ്യുവറിന്റെ (TaxiForSure) ഫിനാൻസ് മേധാവിയു മായിരുന്നു. ആഗോള സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യ ഒരു നിശ്ചിത സ്ഥാനത്തെത്തിയതിലും അതിന്റെ ഒരു ചെറിയ ഭാഗമാകുന്നതിലും സന്തോഷമുണ്ടെന്ന് ഡീന പറയുന്നു.
SME-കളെ അവരുടെ ബിസിനസ്സ് വളർത്തുന്നതിന് ക്രെഡിറ്റ് നേടുന്നതിനും പേയ്മെന്റുകൾ ശേഖരിക്കുന്നതിനും അയയ്ക്കുന്നതിനും പേയ്റോളും ചെലവുകളും കൈകാര്യം ചെയ്യുന്നതിനും അക്കൗണ്ടിംഗ് ഓട്ടോമേറ്റ് ചെയ്യുന്നതിനും ഓപ്പൺ സഹായിക്കുന്നു. ആവശ്യമായ ടൂളുകളുമായി ബാങ്കിംഗ് സംയോജിപ്പിച്ച് SME-കളുടെ ബിസിനസ്സ് ധനകാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു നിയോ-ബാങ്കിംഗ് പ്ലാറ്റ്ഫോമാണ് ഓപ്പൺ.ഉപഭോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ നാല് വർഷമായി എല്ലാ ഉൽപ്പന്നങ്ങളും നിർമ്മിച്ചതെന്ന് മേബൽ പറയുന്നു.
പുതിയ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് ആക്സിലറേറ്റർ പ്രോഗ്രാമും ഓപ്പൺ ആവിഷ്കരിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ഒരു ഫിൻടെക് ആക്സിലറേറ്റർ ഓപ്പൺ ഒരുക്കിയത്.


പുരുഷ കേന്ദ്രീകൃതമായ തൊഴിൽ മേഖയിൽ സത്രീകൾക്ക് മുന്നണിയിൽ നിന്ന് നയിക്കാൻ സാധിക്കുമെന്ന് ഓപ്പണിലൂടെ തെളിയിക്കുകയാണ് മേബലും ഡീനയും. ലിംഗഭേദം നിങ്ങളെ ബാധിക്കാൻ അനുവദിക്കരുത്, ഹൃദയത്തെ പിന്തുടരുക എന്നൊരു ഉപദേശമാണ് വരുംകാല വനിതാ സംരംഭകരോട് ഓപ്പണിന്റെ വനിതാരത്നങ്ങൾക്ക് നൽകാനുളളത്.