സ്ത്രീ സുരക്ഷയിലും സാമൂഹിക- സാമ്പത്തിക ഉന്നമനത്തിലും സർക്കാർ മുന്നോട്ട് വെയ്ക്കുന്ന പദ്ധതികളെക്കുറിച്ച് ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജ് സംസാരിക്കുന്നു. കരിയർ ബ്രേക്കായ സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ ഒരു തുടർവിദ്യാഭ്യാസ പ്രക്രിയ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു,. ചാനൽ അയാം ഫൗണ്ടർ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷത്തിൽ നിന്ന്;
- ചോദ്യം: സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക സ്ഥിരത നിൽക്കുന്നത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യമാണ്. പക്ഷേ മത്സരാധിഷ്ഠിതമായ ഈയൊരു കാലഘട്ടത്തിൽ ഓരോ മേഖലയിലും സ്ത്രീകൾക്ക് Re skilling & Upskilling അനിവാര്യമാണ്. എന്താണ് കുട്ടികൾക്ക് വേണ്ടി, വനിതകളുടെ ഉന്നമനത്തിനായി സർക്കാർ ചെയ്യേണ്ടത്?
ഉത്തരം: വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടങ്ങളിലെല്ലാം നടത്തിയിട്ടുള്ള അന്വേഷണങ്ങളിലും പരിശോധനകളിലും കണ്ടിട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് കഴിഞ്ഞ 5 വർഷക്കാലം വനിതാശിശുക്ഷേമ സമിതിയുടെ, നിയമസഭാ സമിതിയുടെ കൂടി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ സമിതി നടത്തിയ ഒട്ടേറെ പഠനങ്ങളുണ്ട്. ഉദാഹരണത്തിന് ഐടി മേഖലയിലെ സ്ത്രീകൾ, പഠനം കഴിഞ്ഞ് ഐടി മേഖലയിൽ അവർ ജോലി ചെയ്യുന്നു. ഒരു ഘട്ടത്തിൽ വിവാഹം, കുട്ടികൾ ഇവയെല്ലാമായി ബന്ധപ്പെട്ട് അവർക്ക് കരിയറിൽ ബ്രേക്ക് എടുക്കേണ്ടിവരുന്നു. വളരെയധികം അപ്ഡേഷൻസും തുടർവിദ്യാഭ്യാസവും ആവശ്യമായിട്ടുള്ള ഒട്ടേറെ മേഖലകളുണ്ട്. അതിലൊന്നാണ് ഐടി മേഖല. ഗർഭിണികളായതിനു ശേഷവും അമ്മമാരായതിനു ശേഷവും ഒരുപാട് പേർ നിർബന്ധിതമായി ജോലിയിൽ നിന്ന് മാറേണ്ടിവരുന്ന സാഹചര്യമുണ്ട്. അതല്ലാതെ സ്വയമേ ജോലി വിട്ട് പോകുന്ന സാഹചര്യമുണ്ട്. ലോംഗ് ലീവെടുത്ത് തിരിച്ചെത്തുന്നവരുടെ കാര്യമെടുത്താൽ അവർക്കുണ്ടാകുന്ന പ്രശ്നം അവർ അപ്ഡേറ്റഡ് ആകുന്നില്ല എന്നതാണ്. കാരണം ഓരോ ദിവസവും ടെക്നോളജിയിലടക്കം മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇവർക്ക് ഒരു തുടർവിദ്യാഭ്യാസ പ്രക്രിയ അനിവാര്യമാണ്. ഐടി മേഖലയിൽ മാത്രമല്ല, പല മേഖലകളിലും. ആ രീതിയിൽ അവരിലെ ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ ഒരു തുടർവിദ്യാഭ്യാസ പ്രക്രിയ അനിവാര്യമാണ്. Re skillingന് ഒപ്പം തന്നെ കോൺഫിഡൻസും അവർക്ക് നൽകേണ്ടതുണ്ട്.
വനിതാശിശുവികസന വകുപ്പ് 2 രീതിയിലാണ് ഇതിനെ കാണുന്നത്;
- ഒന്ന്, നേരത്തേ തൊഴിലെടുത്തിരുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള Re-skilling, Upskilling പ്രക്രിയകൾ.
- അതോടൊപ്പം തന്നെ പുതുതായി ജോലി തേടുന്നവരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ. ഇതിനായി കൂടുതൽ സംരംഭക പരിപാടികൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
- അടുത്ത സാമ്പത്തിക വർഷത്തെ പ്ലാനിന്റെ ഭാഗമായി ഇതിന് ഊന്നൽ കൊടുത്തുകൊണ്ട് വനിതാ, ശിശു കോർപ്പറേഷൻ മുഖേന വിവിധ പരിശീലന പരിപാടികൾ ആരംഭിക്കുകയാണ്. അടുത്ത 5 വർഷം അത് കൂടുതലായി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള പ്രത്യേക പരിശീലനമുണ്ട്. നൈപുണി ആവശ്യമുള്ള പ്രത്യേക മേഖലകളിലേക്കുള്ള പരിശീലനങ്ങളുണ്ട്.
- ആദ്യഘട്ടത്തിൽ നേഴ്സിംഗ് സ്റ്റുഡന്റ്സിനായി ഒരു പദ്ധതിയാരംഭിച്ചിട്ടുണ്ട്. അവർക്ക് വിദേശ രാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിനാവശ്യമായ കോഴ്സുകൾ, അതിനായുള്ള പരിശീലനം, വകുപ്പ് അതിനെ ഗൗരവമായിക്കണ്ട് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്.
- ചോദ്യം: മിനിസ്റ്റർ ഒരു മീഡിയ പേഴ്സൺ കൂടിയായിരുന്നു. എന്നാൽ മിക്ക മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയലിൽ പോലും വനിതാനേതൃത്വത്തിന്റെ അഭാവമുണ്ട്. പല മേഖലകളിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്തപ്പെടുന്നതായി കാണാറുണ്ട്. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളും വളരെയധികം കൂടിയിട്ടുണ്ട്. മാനസികമായും ശാരീരികമായും സ്ത്രീകൾ അബ്യൂസ് ചെയ്യപ്പെടുന്ന ഒരു സമയത്ത് എങ്ങനെയാണ് ഇതിനൊരു തിരുത്തൽ സാദ്ധ്യമാകുക? അങ്ങനെയൊരു തിരുത്തൽ അനിവാര്യമല്ലേ?
- ഉത്തരം: ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങൾ. ഒരു പൊതുബോധം സൃഷ്ടിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. നമ്മുടെ മുന്നിൽ വരുന്ന പത്രങ്ങളിൽ, കേൾക്കുന്ന വാർത്തകളിൽ, പഠിക്കുന്ന പാഠപുസ്തകങ്ങളിൽ ഒക്കെ അറിഞ്ഞോ അറിയാതെയോ വരുന്ന ഒരുപാട് ബിംബങ്ങളും ഭാഷാപ്രയോഗങ്ങളുമൊക്കെയുണ്ട്. അത് എപ്പോഴും ഒരു പുരുഷമേധാവിത്വത്തിന്റേതാണ്. അതുകൊണ്ടുതന്നെ ഇവിടെ വളരെ ബോധപൂർവ്വമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകണമെങ്കിൽ ഈ രീതിയിലുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ, ഇടപെടലുകൾ അനിവാര്യമാണ്. ഇത് ചിന്തിക്കണമെങ്കിൽ കൂടുതൽ സ്ത്രീകൾക്കാണ് കഴിയുക. എത്ര മാദ്ധ്യമസ്ഥാപനങ്ങളുടെ നിയമനിർമ്മാണ രംഗത്ത്, എഡിറ്റോറിയൽ പോളിസികൾ തീരുമാനിക്കുന്ന ഇടങ്ങളിൽ സ്ത്രീ സാന്നിധ്യമുണ്ട്. വളരെ കുറവാണ്. പ്രമുഖ പത്രങ്ങളിലെ ബൈ ലൈനുകൾ ശ്രദ്ധിച്ചാൽ എത്ര സ്ത്രീകളുടെ പേരുകളുണ്ട്. പൊളിറ്റിക്കൽ ബീറ്റുകളുൾപ്പെടെ കൈകാര്യം ചെയ്യുന്ന എത്ര സ്ത്രീകളുണ്ട് കേരളത്തിൽ. അത് അവർ മാറ്റിനിർത്തപ്പെടുന്നതു കൊണ്ടാണ്. മാദ്ധ്യമങ്ങൾക്ക് സ്ത്രീപക്ഷ നയമുണ്ടാകണം. അത് വളരെ അനിവാര്യമാണ്. ഭാഷയിലടക്കം അത് വേണം, നിലവിലുള്ള ബിംബങ്ങളെ മാറ്റി പുതിയ ബോധപൂർവ്വമായ ഇടപെടലുകളുണ്ടാവണം. പീഡനങ്ങൾക്കോ ആക്രമണങ്ങൾക്കോ ഇരയാകുന്ന സ്ത്രീകൾ പരാതിപ്പെടുമ്പോൾ വലിയ കാലതാമസം നേരിടുന്നുണ്ട്. കൂടാതെ കോടതികളിൽ വിണ്ടും വീണ്ടും കേസ് പരിഗണിക്കുമ്പോൾ സ്ത്രീകൾ റീ വിക്ടിമൈസ് ചെയ്യപ്പടുന്ന സാഹചര്യമുണ്ട്. സ്ത്രീകൾ, കുട്ടികൾ നേരിട്ട് വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയുമായി ആശയവിനിമയം നടത്തുന്ന രീതിയിലേക്ക് അതിനെ മാറ്റുന്നുണ്ട്.
- മറ്റൊന്ന് റേഷൻകാർഡുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തിൽ ആക്രമണം സ്വന്തം വീടുകളിൽ നിന്നു തന്നെ നേരിടേണ്ടിവരുന്ന സ്ത്രീകൾ, വീട്ടിൽ നിന്ന് പുറത്തായിരിക്കും ഉണ്ടാവുക. പിന്നീട് സർക്കാരിന്റെ ഒരു ആനുകൂല്യങ്ങളും അവർക്ക് ലഭിക്കാത്ത ഒരു സാഹചര്യമുണ്ട്. ഒരു ഡോക്യുമെന്റ്സും ഇല്ല, റേഷൻകാർഡടക്കം. നിലവിലെ മാനദണ്ഡം അനുസരിച്ച് അത് നേടിയെടുക്കുക സാദ്ധ്യമാവുകയുമില്ല. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായപ്രകാരം സിവിൽ സപ്ലൈസ് വകുപ്പിനോട് റേഷൻ കാർഡ് ലഭ്യമാക്കുന്നതടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.