സാമ്പത്തിക നഷ്ടം 13 ബില്യൺ ഡോളർ കടന്നതിനാൽ, സോഫ്റ്റ്ബാങ്ക് ഈ വർഷം സ്റ്റാർട്ടപ്പ് ഫണ്ടിംഗ് പകുതിയായി കുറയ്ക്കുമെന്ന് റിപ്പോർട്ട്.ജാപ്പനീസ് നിക്ഷേപ ഭീമനായ സോഫ്റ്റ്ബാങ്ക്, 2022 മാർച്ച് 31 അവസാനത്തിൽ മാത്രം 13.14 ബില്യൺ ഡോളർ നഷ്ടമാണ് രേഖപ്പെടുത്തിയത്.SoftBank വിഷൻ ഫണ്ടുകൾക്ക് 27 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതിനെ തുടർന്ന് Coupang, Didi Global തുടങ്ങിയ ടെക് കമ്പനികളിലുണ്ടായിരുന്ന സോഫ്റ്റ്ബാങ്കിന്റെ നിക്ഷേപങ്ങളും കുറഞ്ഞു. സോഫ്റ്റ് ബാങ്കിന്റെ 100 ബില്യൺ ഡോളർ വിഷൻ ഫണ്ട് 2017ലാണ് തുടക്കമിട്ടത്. ഇതിന് സൗദി അറേബ്യയും അബുദാബിയും പിന്തുണ നൽകുന്നുണ്ട്.ബിഗ് ടിക്കറ്റ് ഫണ്ടിംഗിലെ കുറവും ഉക്രെയ്ൻ-റഷ്യ പ്രതിസന്ധികളുമാണ് സാമ്പത്തിക നഷ്ടത്തിനു പിന്നിലെ മുഖ്യ കാരണമായി വിലയിരുത്തുന്നത്.
നിക്ഷേപങ്ങളിൽ കുറവ്
2022 ജനുവരി മുതൽ മാർച്ച് വരെ 2.5 ബില്യൺ ഡോളർ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് നടത്തിയത്.മുൻ പാദത്തിൽ ചെലവഴിച്ച 10.4 ബില്യൺ ഡോളറിനേക്കാൾ വളരെ കുറവാണിത്. സ്റ്റാർട്ടപ്പുകളുടെ കാര്യം പരിശോധിച്ചാൽ, 2021ൽ സ്റ്റാർട്ടപ്പുകളിൽ 46 ബില്യൺ ഡോളറിലധികം നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തി.2021നെ അപേക്ഷിച്ച് നിക്ഷേപങ്ങൾ നേർപകുതിയായി കുറഞ്ഞുവെന്ന് സോഫ്റ്റ് ബാങ്ക് സിഇഒയായ മസയോഷി സൺ വ്യക്തമാക്കുന്നു. അതേസമയം, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈഡ്-ഹെയ്ലിംഗ് കമ്പനിയായ Grab, യുഎസ് ഫുഡ് ഡെലിവറി സ്ഥാപനമായ DoorDash, ഇന്ത്യൻ പേയ്മെന്റ് ഗ്രൂപ്പായ Paytm എന്നിവ 2022ലെ ആദ്യ ക്വാർട്ടറിൽ 5 ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്.