ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ ചൈനീസ് കമ്പനികൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. നികുതിവെട്ടിപ്പും മറ്റ് സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് നിർണ്ണായകമായ കണ്ടെത്തൽ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (സിസിപി) മുതിർന്ന അംഗങ്ങളാണ് ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ സർക്കാരുമായി ഡാറ്റ പങ്കിടാനും ചൈനീസ് കമ്പനികൾ ബാധ്യസ്ഥരായതിനാൽ ഇതുയർത്തുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്.
നിരീക്ഷണസംവിധാനം ശക്തം
വാതുവെപ്പ്, ഡേറ്റിംഗ് ആപ്പുകൾ എന്നിവയുമായി ബന്ധമുള്ള ചൈനീസ് ഷെൽ കമ്പനികളെ നിരീക്ഷിക്കാൻ രജിസ്ട്രാർ ഓഫ് കമ്പനീസ് (RoC) ഇന്ത്യയിലുടനീളം സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഡിജിറ്റൽ മേഖലയുടെ വളർച്ചയ്ക്കൊപ്പം തന്നെ ഇന്ത്യൻ പൗരന്മാരുടെ വ്യക്തിവിവരങ്ങളിലേക്ക് ആക്സസ് ലഭിക്കുന്ന ചൈനീസ് കമ്പനികളുടെ സാന്നിധ്യവും വളർന്നുവെന്നതാണ് വസ്തുത. ഇന്ത്യക്കാർ വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ചൈനീസ് ആപ്പുകളെ ഉപയോഗപ്പെടുത്തിയതാണ് ആ വളർച്ചയ്ക്ക് പ്രധാനമായും കാരണമായതെന്ന് വിലയിരുത്തുന്നു.
നിയന്ത്രണങ്ങളും നടപടികളും
ഇന്ത്യൻ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും ബോർഡിൽ ചൈനീസ് പൗരന്മാരെ ഡയറക്ടർമാരായി നിയമിക്കുമ്പോൾ പ്രത്യേക സുരക്ഷാ ക്ലിയറൻസ് ആവശ്യമാണെന്ന് അടുത്തിടെ ഇന്ത്യൻ സർക്കാർ അറിയിച്ചിരുന്നു. ഗവൺമെന്റിന്റെ നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ചൈനീസ് കമ്പനികൾ യുഎസ്, കെയ്മാൻ ദ്വീപ് പോലുള്ള മറ്റ് രാജ്യങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇന്ത്യൻ ബിസിനസുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളിലും ഭേദഗതി വരുത്തി.
ചൈനീസ് ടെലികോം കമ്പനികൾ തങ്ങളുടെ അസോസിയേറ്റ് കമ്പനികളുമായുള്ള ഇടപാടുകൾ രഹസ്യമാക്കിവെയ്ക്കുകയും ജിഎസ്ടി നിയമങ്ങളടക്കം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2020-21 വർഷങ്ങളിലായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങൾക്കും ചൈനീസ് ബന്ധമുള്ള കമ്പനികൾക്കെതിരെയും സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 2020 ജൂൺ മുതൽ 277 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്.