ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ഇന്നൊരു പുതിയ കാര്യമല്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മുതൽ കാർഷിക മേഖലയിൽ വരെ AIയുടെ സാന്നിധ്യമുണ്ട്. എന്നാൽ AI ഇത്രത്തോളം പ്രചാരം നേടിയിട്ടില്ലാത്ത കാലത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ധൈര്യം കാട്ടിയ സംരംഭകനെയാണ് Alexander Wang. 2016ൽ തന്റെ 19-ാമത്തെ വയസ്സിലാണ് അലക്സാണ്ടർ വാങ് തന്റെ Scale AI എന്ന കമ്പനി തുടങ്ങുന്നത്.വെറും മൂന്ന് ജീവനക്കാരിൽ നിന്ന് തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോൾ ഏകദേശം 300 ജീവനക്കാരും, 3.5 ബില്യൺ ഡോളർ മൂല്യവുമുണ്ട്. ലോകത്തെ ടെക്നോളജി ഹബ്ബെന്നറിയപ്പെടുന്ന സിലിക്കൺ വാലിയിലെ ഏറ്റവും വലിയ AI കമ്പനികളിലൊന്നാണ് ഇന്ന് Scale AI.
പഠനകാലത്തെ തിരിച്ചറിവ്
മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരിക്കെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയുടെ അനന്തസാധ്യതകളെ അലക്സാണ്ടർ തിരിച്ചറിയുന്നത്. അങ്ങനെയാണ് Scale AI എന്ന സംരംഭം രൂപം കൊള്ളുന്നത്.
പഠനകാലത്ത് തന്നെ AI സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പരിമിതി ഡാറ്റയുടെ അഭാവമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടുതന്നെ AI-യുടെ ഭാവിയിലേക്കുള്ള ഡാറ്റാ അടിത്തറ നിർമ്മിക്കുക തന്നെയാണ് ആദ്യം ചെയ്തതും. ഇതിലൂടെ AI സാങ്കേതികവിദ്യയിൽ മറ്റ് സ്ഥാപനങ്ങൾ നടത്തുന്ന പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും Scale AIയ്ക്ക് സാധിച്ചു.
AI-യിൽ ഡാറ്റ ഫൗണ്ടേഷൻ അനിവാര്യം
AI സാങ്കേതികവിദ്യ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന ഉപഭോക്താക്കൾക്കായി ഒരു ഡാറ്റ ഫൗണ്ടേഷൻ നിർമ്മിക്കുന്ന കാര്യത്തിൽ ശ്രദ്ധ നൽകുന്ന കമ്പനികൾ വളരെ കുറവാണ്. ഒരു വശത്ത്, ഫേസ്ബുക്ക്, ഗൂഗിൾ, ആമസോൺ എന്നിവ പോലുള്ള വലിയ ടെക് കമ്പനികൾ AI ടെക്നോളജിയെ അവിശ്വസനീയമാം വിധമാണ് പ്രയോജനപ്പെടുത്തുന്നത്. അവർക്ക് ഇതിനായി മാത്രം പ്രത്യേകം ടീമുകളും ആഴത്തിലുള്ള വൈദഗ്ധ്യവുമുണ്ട്. എന്നാൽ മറ്റ് ഉപഭോക്താക്കൾക്ക് ഒരു സംയോജിത ഡാറ്റ ഫൗണ്ടേഷൻ നൽകാനുള്ള വൈദഗ്ധ്യം അവർക്ക് ഇല്ലെന്നും ഈ വൻകിട ടെക് കമ്പനികളിൽ നിർമ്മിച്ച ആഴത്തിലുള്ള AI വൈദഗ്ധ്യം മറ്റ് സ്ഥാപനങ്ങളിലേക്കും കൈമാറ്റം ചെയ്യുകയെന്നതാണ് സ്കെയിൽ പ്രധാനമായും ചെയ്യുന്നതെന്നും അലക്സാണ്ടർ പറയുന്നു.
സഹകരണവും സാദ്ധ്യത തേടലും
ഫിനാൻഷ്യൽ സർവ്വീസ് പ്രൊവൈഡർമാരായ Brex, PayPal, ഓട്ടോമേറ്റീവുകളായ Toyota, AR,VR, robotics മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികൾ എന്നിവയുമായെല്ലാം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് Scale AI.വരാനിരിക്കുന്ന കാലത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളുപയോഗിച്ച് ആരോഗ്യസംരക്ഷണം, കൃഷി, റോബോട്ടിക്സ് തുടങ്ങി വിവിധ രംഗങ്ങളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് Scale AI.