സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലായി KSEB സജ്ജമാക്കുന്ന വൈദ്യുത തൂണ് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. കെ.എസ്.ഇ.ബി. യുടെ ‘റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്സ്’ (റീസ്) വിഭാഗത്തിനു കീഴിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. ‘ചാര്‍ജ് മോഡ്’ എന്ന ആപ്പുമായി ചേര്‍ന്ന് സ്വകാര്യ ഏജന്‍സിയായ ‘ജെനെസിസ്’ ആണ് ചാര്‍ജിങ് പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നത്. മലയോരമേഖലയുള്‍പ്പെടെ തിരഞ്ഞെടുത്ത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ പ്രീ-പെയ്ഡ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക.
ദേശീയപാതയോടുചേർന്ന് പ്രധാന ഓട്ടോ സ്റ്റാന്‍ഡുകള്‍ക്കുസമീപം വാഹന പാര്‍ക്കിങ് സൗകര്യമുള്ളയിടത്താണ് ഇവ സ്ഥാപിക്കുക. ഒരു നിയോജകമണ്ഡലത്തില്‍ അഞ്ചെണ്ണംവീതവും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍ കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ 15 എണ്ണം വീതവും ചാര്‍ജിങ് പോര്‍ട്ടുകളാണ് തൂണുകളില്‍ സജ്ജമാക്കുക. ക്യാമറ, മോഡം, ഇന്റർനെറ്റ് എന്നിവ ഉൾപ്പെട്ട കേന്ദ്രീകൃതസംവിധാനമാണ് ചാർജിംഗ് സ്റ്റേഷനുകളിലുള്ളത്. ദക്ഷിണ, ഉത്തര മേഖലകളിലായി പണിപൂര്‍ത്തിയായിവരുന്ന 1,140 ചാര്‍ജിങ് പോര്‍ട്ടുകളില്‍ 1,100-ഓളം എണ്ണം നിലവിൽ പ്രവര്‍ത്തനസജ്ജമായി. ജൂലായ് 31-നകം ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.