ഒരു ശരാശരി സ്ത്രീ തന്റെ ജീവിതകാലത്ത് ആയിരക്കണക്കിന് സാനിറ്ററി നാപ്കിനുകളാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ലക്ഷക്കണക്കിന് സാനിറ്ററി നാപ്കിനുകളാണ് ദിവസേന മാലിന്യക്കൂമ്പാരങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇവ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു എന്നത് ലോകമാകമാനം വെല്ലുവിളിയാണ്. മാത്രമല്ല ഒരു സാധാരണ നാപ്കിൻ നശിക്കാൻ ഏകദേശം 800 വർഷമെടുക്കും. വിഷാംശമുള്ള ഡയോക്‌സിൻ, ഫ്യൂറാൻ വാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ അവയെ കത്തിക്കുന്നതും പരിഹാരമല്ല.


കൂടാതെ, ഡിസ്പോസിബിൾ പാഡുകൾ നിർമ്മിക്കുന്നതിലേക്ക് സെല്ലുലോസ് ഫൈബർ വേർതിരിച്ചെടുക്കാനായി ലക്ഷക്കണക്കിന് മരങ്ങളും നശിപ്പിക്കപ്പെടുന്നുണ്ട്. അവിടെയാണ് ഒരിക്കൽ മാത്രം കായ്ക്കുകയും അതിനുശേഷം വെട്ടിമാറ്റുകയും ചെയ്യുന്ന വാഴയുടെ നാര് പാഡ് നിർമ്മാണത്തിനായി തെരഞ്ഞെടുത്ത ഒരു വനിതാ സംരംഭകയുടെ ബ്രില്യൻസ് നാം അറിയേണ്ടത്.

സാനിറ്ററി പാഡുകളിൽ പരീക്ഷണം നടത്തുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഉണ്ടെങ്കിലും Anju Bisht എന്ന സംരംഭക ലോകമാകെ സാനിദ്ധ്യം അറിയിക്കുന്നത് പ്രോഡക്റ്റിന്റെ പരിസ്ഥിതി സൗഹൃദ സ്വഭാവം കൊണ്ടാണ്. അതും നമ്മുടെ കൊല്ലത്ത് നിന്നും. പരിസിഥിതിക്ക് ഇണങ്ങുന്ന സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്ന സൗഖ്യം എന്ന സ്റ്റാർട്ടപ് ഈ വർഷത്തെ നീതി ആയോഗ് വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ അവാർഡിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ 75 വനിതാ ബിസിനസ്സ് സംരംഭത്തിലൊന്നായാണ് സൗഖ്യം തെരഞ്ഞെടുക്കപ്പെട്ടത് എന്നോർക്കണം.

അമേരിക്കൻ ഓഡിറ്റ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അഞ്ജു ബിഷ്ത് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് ഒരു നിയോഗവുമായിട്ടായിരുന്നു. ആ നിയോഗമാണ് സൗഖ്യത്തിലൂടെ യാഥാർത്ഥ്യമായത്. അഞ്ജു ബിഷ്തിന്റെ സാനിറ്ററി നാപ്കിനുകളിൽ വാഴനാരു പോലുള്ള പ്രകൃതിദത്ത അസംസ്കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്.

കൊല്ലത്തെ Amrita Self Reliant Village പ്രോജക്ടിന് കീഴിൽ, Saukhyam Reusable Pad നിർമിക്കുന്ന അഞ്ജു, ആർത്തവ ശുചിത്വത്തിന് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പരിഹാരമാണ് തന്റെ പ്രൊഡക്ടിലൂടെ നിർദ്ദേശിക്കുന്നത്. വാഴനാരും കോട്ടൺ തുണിയും ഉപയോഗിച്ച് പുനരുപയോഗിക്കാവുന്ന പാഡുകളാണ് ഇവ.
തടിയിൽ നിന്നുളള സെല്ലുലോസിന് പകരം വാഴനാരുകളിൽ തീർത്ത പൂർണ്ണമായും പ്ലാസ്റ്റിക് രഹിതമായ ബയോഡീഗ്രേഡബിൾ പാഡുകളാണ് എന്ന പ്രത്യകതയും ഉണ്ട്. വാഴനാരുകൾ അതിന്റെ ഭാരത്തിന്റെ ആറിരട്ടി വെള്ളം ആഗിരണം ചെയ്യുന്നു. അതായത് 10 ഗ്രാം ഫൈബർ അടങ്ങിയ ഒരു പാഡിന് 60 ഗ്രാം ആർത്തവ രക്തം ആഗിരണം ചെയ്യാനാകും. പാഡ് എളുപ്പത്തിൽ കഴുകാവുന്നതും ഉണങ്ങുന്നതുമാണ്. മാത്രമല്ല കീറിയില്ലെങ്കിൽ മൂന്ന് വർഷം വരെ നിലനിൽക്കും.
സൗഖ്യം നിർമിക്കുന്ന പുനരുപയോഗിക്കാവുന്ന പാഡുകൾ യുകെ, ജർമ്മനി, യുഎസ്എ, കുവൈറ്റ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യന്നു.സോഷ്യൽ എന്റർപ്രണർ പുരസ്‌കാരം 2020-ൽ നേടിയ അഞ്ജു ബിഷ്തിന്റെ, പുനരുപയോഗിക്കാവുന്ന പാഡിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ഏറ്റവും നൂതനമായ ഉൽപ്പന്നമെന്ന ബഹുമതിയും കിട്ടി.
പഞ്ചാബ് സ്വദേശിയായ അഞ്ജു 20 വർഷമായി കേരളത്തിലുണ്ട്. അഞ്ജുവിന്റെ സംരംഭം നിരവധി സ്ത്രീകൾക്ക് തൊഴിലും നൽകുന്നു. ഇന്നവേറ്റീവായ ആശയങ്ങൾ തേടുന്ന ആർക്കും അഞ്ജുവും സൗഖ്യവും പ്രചോദനമാണ് എന്നതിൽ സംശയമുണ്ടോ.