ഒറ്റ ചാർജ്ജിൽ 1,000 കിലോമീറ്റർ വരെ റേഞ്ചുള്ള EV ബാറ്ററി പുറത്തിറക്കി ചൈനീസ് EV ബാറ്ററി നിർമ്മാതാക്കളായ Contemporary Amperex Technology. “ക്വിലിൻ” എന്ന് പേരിട്ടിരിക്കുന്ന ബാറ്ററിയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമ്മാണം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. CATL ന്റെ സെൽ ടു പാക്ക് സാങ്കേതികവിദ്യയുടെ മൂന്നാം തലമുറയിൽപ്പെടുന്ന ബാറ്ററിയാണ് ക്വിലിൻ.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ടെസ് ല നിർമ്മിക്കാൻ പദ്ധതിയിടുന്ന EV ബാറ്ററിയേക്കാൾ 13 ശതമാനം കൂടുതൽ ശേഷിയുള്ളതാണ് പുതിയ ബാറ്ററിയെന്ന് CATL അവകാശപ്പെടുന്നു. Internal crossbeam, liquid-cooling plate, thermal pad എന്നിവയടങ്ങുന്നതാണ് പുതിയ ബാറ്ററി. ബാറ്ററിക്ക് ഒരു കിലോഗ്രാമിന് 255 വാട്ട് വരെ ഊർജ സാന്ദ്രതയുണ്ടെന്ന് ഫുജിയാൻ ആസ്ഥാനമായുള്ള കമ്പനി വ്യക്തമാക്കുന്നു. അടുത്തിടെ കമ്പനി സമാഹരിച്ച 6.7 ബില്യൺ ഡോളർ ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനും ഗവേഷണത്തിനുമായി മാറ്റിവെയ്ക്കും.