മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് (CMEDP) കീഴിലുള്ള വായ്പകളുടെ ഉയർന്ന പരിധി 2 കോടി രൂപയാക്കി Kerala Financial Corporation. ഇതോടെ, കൂടുതൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 5% പലിശനിരക്കിൽ ഫണ്ട് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം. സംരംഭകത്വ വികസന പദ്ധതിക്ക് കീഴിൽ കോർപ്പറേഷൻ ഇതുവരെ 2,122 സംരംഭങ്ങൾക്ക് സഹായമെത്തിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഓരോ വർഷവും 500 സംരംഭങ്ങൾ എന്ന നിരക്കിൽ 5 വർഷത്തിനുള്ളിൽ 2,500 സംരംഭങ്ങൾക്ക് വായ്പ നൽകാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും. SC/ ST സംരംഭകർ, വനിതാ സംരംഭകർ, പ്രവാസി മലയാളികൾ എന്നിവർക്ക് 55 വയസ്സാണ് പ്രായപരിധി.10 വർഷം വരെ തിരിച്ചടവ് കാലാവധിയാണ് വായ്പയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്. പദ്ധതി തുകയുടെ 90% വരെ വായ്പ ലഭ്യമാക്കാനാണ് നിലവിൽ Kerala Financial Corporation പദ്ധതിയിടുന്നത്.