ഒരുദിവസം ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആടുകളെ ഒരാൾ നിങ്ങൾക്ക് തരുന്നുവെന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും? ഇതെന്ത് വട്ടൻ ചോദ്യമെന്ന് അത്ഭുതപ്പെടേണ്ട, കൃത്യമായ ഉത്തരം അങ്ങ് അമേരിക്കയിലുണ്ട്. 88 ആടുകളിൽ നിന്ന് ദശലക്ഷക്കണക്കിന് മൂല്യമുള്ള Beekman എന്ന കമ്പനി കെട്ടിപ്പടുത്ത ബ്രെന്റ് റിഡ്ജിന്റേയും ജോഷ് കിൽമർ- പർസെലിന്റേയും കൈയ്യിൽ. ജീവിതം നിങ്ങൾക്ക് ഒരു കൂട്ടം ആടുകളെ കൈമാറുമ്പോൾ, അത് പണം സമ്പാദിക്കാനുള്ള മാർഗ്ഗമാണെന്നാണ് ഈ ദമ്പതികൾ പറയുന്ന ഉത്തരം. 2008ൽ അമേരിക്കയിൽ ഒരു സ്റ്റോക്ക് മാർക്കറ്റ് പ്രതിസന്ധിയുണ്ടായി.
സാമ്പത്തിക ബുദ്ധിമുട്ടിലായ അയൽക്കാരൻ തന്റെ 88 ആടുകളുടെ കൂട്ടത്തെ വാങ്ങിക്കുമോയെന്ന് ചോദിച്ചപ്പോൾ ദമ്പതികളായ Josh Kilmer-Purcellഉം Brent Ridgeഉം ആട്ടിൻപാല് കൊണ്ട് എന്തൊക്കെ ഉണ്ടാക്കാമെന്ന് ഗൂഗിളിൽ തിരഞ്ഞു. ആ അന്വേഷണം ആട്ടിൻ പാലിൽ നിന്ന് സോപ്പ് നിർമ്മിക്കാമെന്ന ആശയത്തിലേക്ക് അവരെ കൊണ്ടെത്തിച്ചു. ഉദ്യമം വിജയം കണ്ടതോടെ, 2009-ൽ തങ്ങളുടെ ഫാമിന്റെ പേരായ ബീക്ക്മാൻ എന്ന അതേ പേരിൽ സ്വന്തമായി സംരംഭം തുടങ്ങി.ഒരു ദശാബ്ദക്കാലത്തിനിപ്പുറം, 2016-ൽ പുറത്തുവിട്ട അതിവേഗം വളരുന്ന 5000 സ്വകാര്യ കമ്പനികളുടെ പട്ടികയിൽ 1112ാം സ്ഥാനത്തെത്തി Beekman. 2021ൽ നിക്ഷേപകർക്ക് 92 മില്യൺ ഡോളറിന് ഭൂരിഭാഗം ഓഹരികളും വിറ്റു .
ഒരു സോപ്പ് റെസിപ്പി കൊണ്ട് മാത്രം വിജയം കൈവരിച്ച കമ്പനിയല്ല Beekman. സ്റ്റോക്ക് മാർക്കറ്റ് പ്രതിസന്ധികൾക്കിടയിൽ ഒരു സംരംഭം തുടങ്ങുകയെന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും മത്സരാധിഷ്ഠിതമായ സ്കിൻകെയർ രംഗത്ത്. പ്രതിസന്ധികളെയെല്ലാം മറികടന്ന് കമ്പനിയെ വിജയത്തിലെത്തിച്ചതിനു പിന്നിൽ ചില മാജിക്ക് റെസിപ്പികൾ പങ്കുവെയ്ക്കാനുണ്ട് ബ്രെന്റ് റിഡ്ജിനും ജോഷ് കിൽമർ- പാർസെല്ലിനും.
1. നിരാശ നിങ്ങളുടെ ഇന്ധനമാകാം
ബീക്ക്മാൻ സ്ഥാപിക്കുന്നതിന് മുമ്പ്, ന്യൂയോർക്ക് സിറ്റിയിലെ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു കിൽമർ- പർസൽ. മീഡിയ മെർച്ചന്റൈസിംഗ് കമ്പനിയായ മാർത്ത സ്റ്റുവർട്ട് ഒമ്നിമീഡിയയിൽ ഫിസീഷ്യനായിരുന്നു Brent Ridge. 2008ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ ഒരു മാസത്തിനുള്ളിൽ ഇരുവർക്കും ജോലി നഷ്ടപ്പെട്ടു. അപ്പോഴാണ് അയൽക്കാരന്റെ 88 ആടുകളെന്ന ഓഫർ വരുന്നത്. ജോലി പോയതിലുള്ള നിരാശയെ പുതിയൊരു സംരംഭം തുടങ്ങാനുള്ള ഇന്ധനമായി മാറ്റിയെടുക്കുകയായിരുന്നു ഈ ദമ്പതികൾ.
2. നിങ്ങളിലെ കഴിവ് ഉപയോഗപ്പെടുത്തുക
സ്കിൻകെയർ സംരംഭം തുടങ്ങുമ്പോൾ, മനുഷ്യന്റെ ചർമ്മത്തിന് സമാനമായ പിഎച്ച് അളവ് ഉള്ള ആട്ടിൻ പാലിന്റെ ഗുണങ്ങൾ തിരിച്ചറിയാൻ റിഡ്ജിന്റെ മെഡിക്കൽ പശ്ചാത്തലം സഹായിച്ചു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഉൽപ്പന്നത്തിന്റെ ആദ്യ സാമ്പിൾ നൽകിത്തുടങ്ങിയത് വിശ്വാസ്യത വർദ്ധിപ്പിച്ചു. സംഭവം ക്ലിക്കായതോടെ ബ്രാൻഡിംഗും പ്രൊമോഷനുമെല്ലാം അഡ്വടൈസിംഗ് രംഗത്ത് അനുഭവസമ്പത്തുള്ള കിൽമറും ഏറ്റെടുക്കുകയായിരുന്നു.