ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനി എങ്ങനെയാണ് റിലയൻസിന്റെ പിന്തുടർച്ച പദ്ധതി രൂപീകരിക്കുന്നതെന്നാണ് ബിസിനസ് ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്.
കഴിഞ്ഞ വർഷം റിലയൻസ് ഫാമിലി ഡേയിലാണ് അംബാനി ഒരു പിന്തുടർച്ച പദ്ധതിയെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. റിലയൻസ്, ഇപ്പോൾ ഒരു സുപ്രധാന നേതൃമാറ്റം പ്രാബല്യത്തിൽ വരുത്താനുള്ള പ്രക്രിയയിലാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.അറുപത്തഞ്ചുകാരനായ മുകേഷ് അംബാനിക്ക് മൂന്ന് മക്കളുണ്ട് – ഇരട്ടകളായ ആകാശ്, ഇഷ, ഇളയ മകൻ അനന്ത്.


റിലയൻസിന് മൂന്ന് വിശാലമായ ബിസിനസുകളുണ്ട് – എണ്ണ ശുദ്ധീകരണവും പെട്രോകെമിക്കൽസും, ടെലികോം ഉൾപ്പെടുന്ന റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങളും. മൂന്ന് ബിസിനസ്സുകളും വലുപ്പത്തിൽ ഏതാണ്ട് തുല്യമാണ്. ആകാശും ഇഷയും ഗ്രൂപ്പിന്റെ റീട്ടെയിൽ, ടെലികോം തുടങ്ങിയ പുതിയ കാലത്തെ ബിസിനസുകളിൽ സജീവമായിരിക്കുമ്പോൾ, അനന്ത് റിലയൻസിന്റെ പുനരുപയോഗ ഊർജം, എണ്ണ, കെമിക്കൽ യൂണിറ്റുകൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം മുകേഷ് അംബാനിയുടെ 30 കാരനായ മകനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ബോർഡ് ചെയർമാനായി നിയമിച്ചു.ആകാശിന്റെ ഇരട്ടസഹോദരി ഇഷ ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ബോർഡുകളിൽ ഡയറക്ടറാണ്. ആനന്ദ് പിരമളിനെ വിവാഹം ചെയ്ത 30 കാരിയായ ഇഷയ്ക്ക് റീട്ടെയിൽ ബിസിനസിന്റെ കടിഞ്ഞാണ് അദ്ദേഹം കൈമാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സഹോദരങ്ങളിൽ ഇളയവൻ അനന്ത് റിന്യുവബിൾ എനർജി, ഓയിൽ കമ്പനികളുടെും റിലയൻസിന്റെ കെമിക്കൽ യൂണിറ്റുകളുടെയും ബോർഡിൽ അംഗമാണ്.26 കാരനായ അനന്ത് അടുത്തിടെ RRVL-ൽ ഡയറക്ടറായി ചുമതലയേറ്റിരുന്നു. സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ എന്നിവയിൽ നിക്ഷേപിച്ച് ശുദ്ധമായ എനർജിയിലേക്കുളള മാറ്റത്തിന്റെ മധ്യത്തിലാണ് റിലയൻസ് ഈ പിന്തുടർച്ച പദ്ധതി കൊണ്ടുവരുന്നത്.

സ്വന്തം ജീവിതത്തിൽ സംഭവിച്ചത് മക്കളുടെ കാര്യത്തിലുണ്ടാകരുത് എന്ന ദീർഘവീക്ഷണവും മുകേഷ് അംബാനിക്കുണ്ടെന്നാണ് വിലയിരുത്തൽ
ധീരുഭായ് അംബാനി എന്നറിയപ്പെടുന്ന ധീരജ്ലാൽ ഹിരാചന്ദ് അംബാനി 1973-ൽ റിലയൻസ് സ്ഥാപിച്ചു. തുണിത്തരങ്ങളിൽ നിന്ന് എണ്ണയിലേക്കും ടെലികോമിലേക്കും കുടുംബ ബിസിനസ് വിപുലീകരിക്കാൻ അദ്ദേഹം നേതൃത്വം നൽകി, എന്നാൽ 2002-ലെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തോടെ കുടുംബം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. മുകേഷും ഇളയ സഹോദരൻ അനിലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വളർന്നു. മൂന്ന് വർഷത്തെ കടുത്ത യുദ്ധത്തിന് ശേഷമാണ് അമ്മ കോകിലബെൻ 2005 ൽ റിലയൻസിന്റെ സ്വത്തുക്കൾ വിഭജിച്ചത്.താനും സഹോദരൻ അനിലുമായുള്ള പിണക്കം രണ്ട് പതിറ്റാണ്ട് മുമ്പ് കുടുംബത്തെ തകർത്തുവെന്ന് മുകേഷ് അംബാനിക്ക് നന്നായി അറിയാമായിരുന്നു. നന്നായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട ബിസിനസ്സ് കൈമാറ്റം ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബത്തെ ഒരുമിച്ച് നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. സ്വന്തം അനുഭവങ്ങളിൽ നിന്ന് പഠിക്കാൻ മുകേഷ് അംബാനിയെ കഴിഞ്ഞേയുളളുവെന്ന് ബിസിനസിൽ പിന്നീട് അദ്ദേഹം നേടിയ വളർച്ചയിൽ നിന്ന് തന്നെ തിരിച്ചറിയാനാകും. റിലയൻസിലെ അടുത്ത തലമുറ എന്ന നിലയിൽ ഇഷ, ആകാശ്, അനന്ത് എന്നിവരുടെ നേതൃത്വത്തിൽ ഈ അമൂല്യമായ പൈതൃകത്തെ കൂടുതൽ സമ്പന്നമാക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമൊന്നുമില്ലെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു. റിലയൻസിന്റെ വിശാലമായ സാമ്രാജ്യം ഇനി പുതുതലമുറയുടെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് കരുതാം.