രാജ്യത്ത് ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ലി-അയോൺ സെൽ പുറത്തിറക്കി ഒല ഇലക്ട്രിക്. ചെന്നൈയിലെ ജിഗാഫാക്ടറിയിൽ നിന്ന് 2023 ഓടെ NMC 2170 എന്ന സെല്ലിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുമെന്ന് ഒല വ്യക്തമാക്കി. തദ്ദേശീയ സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സെൽ വികസിപ്പിച്ചിരിക്കുന്നതെന്ന് ഒല ഇലക്ട്രിക് അറിയിച്ചു.
ഇന്ത്യ ഒരു ആഗോള ഇവി ഹബ്ബായി മാറുന്നതിന് ശക്തമായ പ്രാദേശിക EV ഇക്കോസിസ്റ്റം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. രാജ്യത്ത് അഡ്വാൻസ്ഡ് സെല്ലുകൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച ACC PLI സ്കീമിന് കീഴിൽ കമ്പനിക്ക് അടുത്തിടെ 20GWh കപ്പാസിറ്റി അനുവദിച്ചിരുന്നു. ഒല ഇലക്ട്രിക് ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ 2021 ഓഗസ്റ്റിലാണ് പുറത്തിറക്കിയത്. നിലവിൽ, കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് ഫോർ വീലർ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.