ഇന്ത്യയിൽ വിപുലീകരണ പദ്ധതികളുമായി ബെംഗളൂരു ആസ്ഥാനമായ ഫുഡ് ബ്രാൻഡ് ID Fresh. രാജ്യത്തുടനീളം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചും, പഴയ ഉൽപ്പന്നങ്ങളെ റീലോഞ്ച് ചെയ്തുമാണ് ഐഡി ഫ്രഷ് വിപുലീകരണ നീക്കം. ഇന്ത്യ, യുഎസ്, യുഎഇ എന്നിവിടങ്ങളിലെ 45-ലധികം നഗരങ്ങളിൽ ഇഡ്ഡലി, ദോശ മാവ്, തൈര് തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണനം നടത്തുന്ന കമ്പനിയാണ് ID Fresh. പൊടി രൂപത്തിലുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ, ചപ്പാത്തി, ദോശ ഉണ്ടാക്കാനുപയോഗിക്കുന്ന തവ എന്നിവയാണ് പുതിയ ഉൽപ്പന്ന കൂട്ടിച്ചേർക്കലുകൾ.
യുഎഇയിൽ ചപ്പാത്തി വിപണനം പുനരാരംഭിച്ചതിന് ശേഷം, ഐഡി ഫ്രഷിന്റെ വരുമാനം മൂന്നിരട്ടിയായി വർദ്ധിച്ചിരുന്നു. 2022 ൽ 700 കോടിയും 2023 ആകുമ്പോഴേയ്ക്കും 1000 കോടി രൂപയും വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെംഗളൂരു, ദുബായ്, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി, കൊൽക്കത്ത എന്നിവയാണ് കമ്പനിയുടെ പ്രമുഖ വിപണികൾ. അടുത്തിടെ 27 ജീവനക്കാർക്കായി ID Fresh, സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ അഥവാ ESOP അവതരിപ്പിച്ചിരുന്നു. കമ്പനി ഓഹരികളോ ഉടമസ്ഥതയോ നേടുന്നതിന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആനുകൂല്യ പദ്ധതിയാണ് സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ.