രാജ്യത്ത് 13.34 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവയുടെ ഡാറ്റ ഒഴിവാക്കിയുളളതാണ് ഈ കണക്കെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി അറിയിച്ചു. FAME-2 പദ്ധതിക്കു കീഴിൽ 68 നഗരങ്ങളിൽ 2,877 പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു.
ഒമ്പത് എക്സ്പ്രസ് വേകളിലും 16 ഹൈവേകളിലുമായി 1,576 ഇവി ചാർജിംഗ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ഇവികൾ ഉളള സംസ്ഥാനം ഉത്തർപ്രദേശ് ആണ്, ആകെ 3.37 ലക്ഷം ഇവികളാണുള്ളത്. 1.56 ലക്ഷം ഇവികളുള്ള ഡൽഹി തൊട്ടുപിന്നിൽ ഇടം പിടിച്ചിരിക്കുന്നത്. കർണാടകയും മഹാരാഷ്ട്രയുമാണ് 1 ലക്ഷത്തിലധികം ഇവികളുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങൾ. സർക്കാർ ഡാറ്റ പ്രകാരം ഇന്ത്യൻ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 0.48% മാത്രമാണ് ഇവികൾ.