ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി സമീപിക്കാം. ആ സംരംഭം കൃഷി, കുടിവെള്ളം, ആരോഗ്യസംരക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ അങ്ങനെ ഏതുമായും ബന്ധപ്പെട്ടതാകാം. ഇങ്ങനെ ഒരുപാട് മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ആശയങ്ങളെ ക്രോഡീകരിച്ച്, അവയിലെ നല്ല ആശയങ്ങളെ തെരഞ്ഞെടുത്ത്, പിന്തുണ നൽകി, ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയെന്നതിനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളോട് പറയാനുള്ളത്, വിവരസാങ്കേതിക വിദ്യയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രസ്ഥാനമാണ് സ്റ്റാർട്ടപ്പ് മിഷൻ എന്ന് കരുതരുത് എന്നാണ്. മികച്ച ആശയമുള്ളവർക്ക് സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം, അത് പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പ് മിഷൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
അടിസ്ഥാന സൗകര്യം?
ഒരു മികച്ച ആശയമുണ്ടെങ്കിൽ അത് എവിടെയിരുന്ന് പ്രാവർത്തികമാക്കും എന്നതും പ്രധാനമാണ്. അതിനുവേണ്ടി തിരുവനന്തപുരം, കൊച്ചി, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് മിഷന്റെ കേന്ദ്രങ്ങളുണ്ട്. അതിൽ കൊച്ചിയിലും തിരവനന്തപുരത്തുമുള്ള കേന്ദ്രങ്ങൾ വലുതാണ്. കോഴിക്കോടുള്ള കേന്ദ്രവും സജീവമാണ്. നാലു ജില്ലകളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിടുന്നുണ്ട്. സംരംഭകർക്ക് വന്നിരുന്ന് തൊഴിൽ ചെയ്യാനും, അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും, വിൽക്കാനും ഒക്കെയുള്ള ഒരു ഇടം സൃഷ്ടിക്കുകയെന്നത് സ്റ്റാർട്ടപ്പ് മിഷൻ ഒരു അജൻഡയായി ഏറ്റെടുത്തിട്ടുണ്ട്. സാധിക്കുമെങ്കിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകൾ സജ്ജീകരിക്കണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സംരംഭകർക്ക് മൂലധനം എവിടെ?
മൂലധനത്തിന്റെ കാര്യമെടുത്താൽ, കേരളത്തിൽ സമ്പത്തുള്ള വ്യക്തികളുടെ എണ്ണം വളരെ കൂടുതലാണ്. ആവശ്യത്തിന് മൂലധനം ഇവിടെയുണ്ട്. മികച്ച ആശയങ്ങളും സംരംഭങ്ങളുമാണ് ഉണ്ടാവേണ്ടത്. ഒരു നിക്ഷേപകന് മുന്നിൽ ഉൽപ്പന്നം അവതരിപ്പിക്കാനും, ആശയമാണെങ്കിൽ അത് നിക്ഷേപകരിലേക്കെത്തിക്കാനുമുള്ള സഹായം സ്റ്റാർട്ടപ്പ് മിഷൻ നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ആശയമാണെങ്കിൽ അതിന് 2 ലക്ഷം രൂപ, അത് ഉൽപ്പന്നമാക്കി മാറ്റാൻ 15 ലക്ഷം, വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമാണെങ്കിൽ ഇതിനായി 20 ലക്ഷം രൂപ, കുറഞ്ഞ പലിസനിരക്കിൽ 50 ലക്ഷം രൂപയുടെ സീഡ് ലോൺ ഇത്തരത്തിൽ 1 കോടി രൂപയോടടുത്ത് ധനസഹായം സ്റ്റാർട്ടപ്പ് മിഷനിൽ നിന്നു തന്നെ ലഭിക്കും.
സ്റ്റാർട്ടപ്പ് മേഖല കണ്ടെത്തുന്നതിലെ ആശയക്കുഴപ്പത്തെ എങ്ങനെ നേരിടും?
ഒരു പ്രോബ്ലമാണ് ആദ്യം കണ്ടെത്തേണ്ടത്. അതിൽ നിന്നാണ് ഏത് മേഖലയിലാണ് സംരംഭം ആരംഭിക്കേണ്ടത് എന്നതിലേക്കെത്തുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷി പോലുള്ള പരമ്പരാഗതമായ ചില മേഖലകളുണ്ട്. അവ കേന്ദ്രീകരിച്ചു തന്നെ പുതിയ ആശയങ്ങൾ കണ്ടെത്താനാകും. ശുദ്ധമായ ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിപാലനം, സ്പെയ്സ് ടെക്നോളജി, ക്രിയേറ്റർ എക്കോണമി എന്നിങ്ങനെ നിരവധി സാദ്ധ്യതകളുണ്ട്.
സജീവമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാകാൻ എന്താണ് കേരളത്തിന് ചെയ്യാനാകുക?
15 മുതൽ 45 വയസ്സുവരെയുള്ള ഏറ്റവും പ്രോഡക്ടീവായ വിഭാഗങ്ങളിൽപ്പെടുന്ന ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും താൽപ്പര്യപ്പെടുന്നവരാണ്. മികച്ച തൊഴിൽ സാഹചര്യം, ജീവിത സാഹചര്യം തുടങ്ങിയവയാണ് കാരണമായി പറയുന്നത്. അങ്ങനെയെങ്കിൽ കൂട്ടായ പരിശ്രമത്തിലൂടെ നമ്മൾ തന്നെയാണ് അത്തരം ക്വാളിറ്റി ലൈഫ് ഇവിടെ ഉണ്ടാക്കേണ്ടത്. മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. സ്വന്തം അറിവ്, കഴിവ്, സാങ്കേതികവിദ്യ എന്നിവയെല്ലാം യുവജനങ്ങൾ സ്വന്തം നാടിന്റെ പുരോഗതിയ്ക്കും വികാസത്തിനും വേണ്ടി ഉപയോഗിക്കേണ്ടതുണ്ട്.
വനിതകൾക്കായി KSUM എന്ത് ചെയ്യാനുദ്ദേശിക്കുന്നു?
50 ശതമാനത്തോളം വരുന്ന വനിതകൾ മുഖ്യധാരയിലേക്ക് വരാതെ സമൂഹത്തിന്റെ പുരോഗതി സാദ്ധ്യമാകില്ല. വനിതകൾ കൂടി പുരുഷന്മാരോടൊപ്പം തുല്യ പ്രാതിനിധ്യത്തോടെ മുന്നോട്ടുവരേണ്ടതുണ്ട്. സംരംഭകത്വ മേഖലകളിലേക്കടക്കം സ്ത്രീകൾ കടന്നു വരാത്തതിലുള്ള പ്രായോഗിക തടസ്സം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ സർക്കാർ തലത്തിൽ ഇതിനായുള്ള നയരൂപീകരണമടക്കം സാദ്ധ്യമാകു കയുള്ളൂ. രണ്ടാമത്തെ കാര്യം കേരളത്തിലുള്ള വനിതാ സംരംഭകരിൽ ഭൂരിഭാഗവും സമ്പത്തിൽ വളരെപ്പെട്ടെന്ന് തൃപ്തിപ്പെടുന്നവരാണ്. അങ്ങനെയല്ലാതെ സ്വന്തം സംരംഭത്തെ വലിയ രീതിയിലേക്ക് വളർത്തിക്കൊണ്ടുവരാൻ താൽപര്യമുള്ള വനിതാ സംരംഭകരെ പ്രത്യേകം കണ്ടെത്തി അവർക്ക് പിന്തുണ നൽകേണ്ടതും വളരെ പ്രധാനമായി കാണുന്നുവെന്നും അനൂപ് അംബിക പറഞ്ഞു.