രാജ്യത്തെ അഞ്ചോളം ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയതായി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ഒല ഇലക്ട്രിക്, പ്യുവർ EV, ഒകിനാവ എന്നിവയുൾപ്പെടെയുളള കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്. ബാറ്ററി തകരാർ മൂലമുളള തീപിടുത്തങ്ങൾ പതിവായി ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനികളുടെ ഭാഗത്തെ വീഴ്ച ബോധ്യപ്പെട്ടാൽ വാഹനങ്ങൾ തിരിച്ചു വിളിക്കുന്നതിനോ സേവനങ്ങൾ പിൻവലിക്കുന്നതിനോ ഉത്തരവിടാൻ സിസിപിഎയ്ക്ക് അധികാരമുണ്ട്. അടുത്തിടെ തീപിടിത്തമുണ്ടായ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളുടെ സിഇഒമാർക്കും എംഡിമാർക്കും റോഡ് ഗതാഗത മന്ത്രാലയവും നോട്ടീസ് നൽകിയിരുന്നു. രാജ്യത്ത് നിലവിൽ 1.33 ദശലക്ഷത്തിലധികം ഇവികളുണ്ടെന്നാണ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഇ-വാഹൻ പോർട്ടൽ പറയുന്നത്.