പ്രായഭേദമെന്യേ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹെയർകെയർ മാർക്കറ്റ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഉൽപ്പന്നങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഏതെടുക്കണമെന്ന ഉപഭോക്താവിന്റെ കൺഫ്യൂഷനാണ് പല ബ്രാൻഡിന്റെയും പ്രോത്സാഹനം. എങ്കിലും എല്ലാവർക്കും പ്രിയം നാടൻ ചേരുവകളും വീട്ടുമുറ്റത്തു നിന്നുളള ആയുർവേദമിശ്രണവും ഒക്കെയാണ്. അത്തരമൊരു ഹെയർ ഓയിലാണ് മണി ആന്റിയുടേത്.
മണി ആന്റി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നാഗമണി അറുപതുകളിലാണ് തന്റെ ബിസിനസ്സ് ആരംഭിച്ചത്. മുടികൊഴിച്ചിലിനുള്ള 150 വർഷം പഴക്കമുള്ളപ്രതിവിധി എന്നതാണ് കർണാടകയിൽ നിന്നുള്ള 89 കാരിയായ ഈ സംരംഭകയുടെ യുഎസ്പി. ഇടതൂർന്ന മുടി നിലനിർത്താൻ പതിറ്റാണ്ടുകളായി അവർ ഈ ഹോം ഓയിൽ ഉപയോഗിക്കുന്നു. പലപ്പോഴും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ ഫോർമുല പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒടുവിൽ അറുപതാം വയസ്സിൽ ഇതൊരു ബിസിനസ് ആക്കി മാറ്റാൻ അവർ തീരുമാനിച്ചു. ആദ്യ ഉപഭോക്താക്കൾ ബെംഗളൂരുവിലെ ഏതാനും സലൂൺ ഉടമകളായിരുന്നു. ഇന്നത് മികച്ചൊരു വരുമാനമാർഗമായി മാറിയിരിക്കുന്നു.
വെളിച്ചെണ്ണയും ഉലുവയുമാണ് എണ്ണയുടെ രണ്ടു ചേരുവകൾ. ഹിമാചൽ പ്രദേശിൽ നിന്ന് സംഭരിക്കുന്ന വളരെ ചെലവേറിയതും വ്യത്യസ്തവുമായ മറ്റു രണ്ട് ചേരുവകൾ രണ്ടു വിത്തുകളാണ്, അത് മണി ആന്റിയുടെ സീക്രട്ടാണ്. എണ്ണ ഉണ്ടാക്കുന്നത് എളുപ്പമുള്ള പ്രക്രിയയല്ല. വിത്ത് കൈകൊണ്ട് പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് മിശ്രിതം ആറാഴ്ചയോളം വെയിലിൽ വയ്ക്കും. ചേരുവകളും എണ്ണയും പൊടിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നില്ല. ഈ പ്രക്രിയയാണ് എണ്ണയെ വ്യത്യസ്തമാക്കുന്നതിന്റെ കാരണം. ഉത്പാദനം പ്രധാനമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. പ്രതിമാസം ഏകദേശം 60-70 ലിറ്റർ എണ്ണ വിൽക്കുന്നു. 300 മില്ലി എണ്ണ ഒരു കുപ്പിയുടെ വില 600 രൂപ വരെയാണ്. നിർമാണ പ്രക്രിയയും ചേരുവകളുടെ ഉയർന്ന വിലയുമാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം. വലിയ തോതിൽ നിർമാണം നടത്തിയാൽ കൂടുതൽ വരുമാനം നേടാനാകുമെങ്കിലും ഇപ്പോൾ മണിആന്റിയുടെ ശ്രദ്ധ ഗുണനിലവാരത്തിലാണ്. ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ ഹെയർ ഓയിൽ ബിസിനസ് വിപുലമാക്കാനുളള സാധ്യതകളും മണി ആന്റി തളളിക്കളയുന്നില്ല.