മലയാളിയായ ആതിര പ്രീതറാണി നാസയുടെ ബഹിരാകാശ യാത്രാ പരിശീലന പരിപാടിയിലേക്ക്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയാണ് 24 കാരിയായ ആതിര പ്രീതറാണി. പരിശീലനം പൂർത്തിയാക്കിയാൽ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് പോകുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാകും ആതിര. നാസയും കനേഡിയൻ സ്പേസ് ഏജൻസിയും നാഷണൽ റിസർച്ച് കൗൺസിൽ ഓഫ് കാനഡയും സംയുക്തമായാണ് പരിശീലന പരിപാടി നടത്തുന്നത്.
മൂന്ന് മുതൽ അഞ്ച് വർഷം വരെ നീണ്ടുനിൽക്കുന്നതാണ് ഈ പരിശീലന പ്രോഗ്രാം. പൈലറ്റാകാൻ സ്വപ്നം കണ്ട ആതിര കാനഡയിലെ ഒട്ടാവയിലെ അൽഗോൺക്വിൻ കോളേജിൽ നിന്നാണ് റോബോട്ടിക്സ് കോഴ്സ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ ജ്യോതിശാസ്ത്ര കൂട്ടായ്മ ആസ്ട്രോയുടെ ക്ലാസുകളിലും ആതിര സജീവമായിരുന്നു. കാനഡയിൽ എക്സോ ജിയോ എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പിനും ആതിരയും ഭർത്താവും ചേർന്ന് രൂപം നൽകിയിട്ടുണ്ട്.