പരാജയത്തെയും നേരിടാൻ തയ്യാർ
ഇന്ത്യയിലെ ഓഹരി വിപണിയെക്കുറിച്ച് ജുൻജുൻവാല എപ്പോഴും ബുള്ളിഷ് ആയിരുന്നു. അദ്ദേഹം വാങ്ങിയ ഓഹരികൾ പിന്നീട് ഒരു മൾട്ടി-ബാഗർ സ്റ്റോക്കായി മാറിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാൽ, മിഡാസ് ടച്ച് ഉള്ള ഒരു നിക്ഷേപകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. ദീർഘകാലനിക്ഷേപങ്ങളേക്കാൾ ലാഭകരമായ നിക്ഷേപപ്രവണതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലുളള മികച്ച കമ്പനികൾ അതിനുദാഹരണമാണ്- സ്റ്റാർ ഹെൽത്ത്, റാലിസ് ഇന്ത്യ, എസ്കോർട്ട്സ്, കാനറ ബാങ്ക്, ടാറ്റ മോട്ടോഴ്സ്….ലിസ്റ്റ് നീളുന്നു. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ, വാച്ച് മേക്കർ ടൈറ്റൻ, കരൂർ വൈശ്യ ബാങ്ക് എന്നിവ വർഷങ്ങളായി അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുള്ള അറിയപ്പെടുന്ന പേരുകളാണ്. 27 രൂപയ്ക്ക് വാങ്ങി 1400 രൂപയ്ക്ക് വിറ്റ സെസ ഗോവ പോലുള്ള കമ്പനി സ്റ്റോക്കുകളും ജുൻജുൻവാലയുടെ ഓഹരി സാമ്രാജ്യത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും പുതിയ ബജറ്റ് എയർലൈനായ ആകാസ എയറിൽ ജുൻജുൻവാലയ്ക്ക് 40 ശതമാനം ഓഹരിയുണ്ടായിരുന്നു. വ്യോമയാന മേഖല കോവിഡ് മൂലം സ്തംഭനാവസ്ഥയിലായ സമയത്ത് എന്തിനാണ് ഈ സംരംഭം തുടങ്ങുന്നതെന്ന ചോദ്യത്തിന് ഞാൻ പരാജയത്തെ നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകി. ജൂൺ ക്വാർട്ടർ അവസാനത്തോടെ, അദ്ദേഹത്തിന് 47 കമ്പനികളിൽ ഓഹരിയുണ്ടായിരുന്നു.
60 രൂപയിൽ തുടക്കം
നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, രാകേഷ് ജുൻജുൻവാല ഒരു യുവ ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കുമ്പോൾ, അദ്ദേഹത്തിന് ലഭിച്ചിരുന്നത് 60 രൂപ ആയിരുന്നു. ഫോർബ്സിന്റെ 2021 ലിസ്റ്റിംഗ് അനുസരിച്ച്, അദ്ദേഹം ഇന്ത്യയിലെ 36-ാമത്തെ ശതകോടീശ്വരനായിരുന്നു. ജുൻജുൻവാലയുടെ ചില നിക്ഷേപമന്ത്രങ്ങളറിയാം.
ജുൻജുൻവാലയുടെ മൂല്യവത്തായ ഉപദേശങ്ങൾ
വിപണിയിൽ ഒരിക്കലും മികച്ച സമയം എന്നൊന്നില്ല, എനിക്ക് ഉള്ള ഒരേയൊരു നിയമം പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല എന്നതാണ്.”നാശവും അന്ധകാരവും ഉണ്ടാകുമ്പോൾ, പ്രഭാതത്തിന് മുമ്പ് ഇരുട്ടുണ്ടെന്ന് മറക്കരുത്. അനിശ്ചിതത്വമുള്ള ഒരു ഭാവിയിലാണ് നിങ്ങൾ നിക്ഷേപിക്കുന്നത്. ഒരു പരിധിക്കപ്പുറം പ്രവചിക്കാൻ കഴിയില്ല. ഒരിക്കലും യുക്തിരഹിതമായ വാല്യുവേഷനിൽ നിക്ഷേപിക്കരുത്. ലൈംലൈറ്റിൽ നിൽക്കുന്ന കമ്പനികൾക്ക് വേണ്ടി ഒരിക്കലും ഓടരുത്. എപ്പോഴും വിലയെ മാനിക്കുക. എല്ലാ വിലയിലും ഒരു വാങ്ങുന്നവനും വിൽക്കുന്നവനും ഉണ്ട്. ആരാണ് ശരിയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാകൂ. നിങ്ങൾക്കും തെറ്റ് സംഭവിക്കാം എന്ന് മനസിലുറപ്പിക്കുക.
തെറ്റുകൾ വരുത്തുക. എന്നാൽ അതിൽ നിന്നും പുതിയൊരു പാഠം പഠിക്കണം. ഒരേ തെറ്റ് ഒരിക്കലും ആവർത്തിക്കരുത്.
റിസ്ക് ടേക്കർ ആയിരിക്കുമ്പോഴും റിസ്ക്കിനെ കുറിച്ച് അദ്ദേഹം പറഞ്ഞു, ഹ്രസ്വകാലത്തേക്ക് നിങ്ങൾക്ക് നഷ്ടപ്പെടാൻ കഴിയുന്നത് മാത്രം നിക്ഷേപിക്കുക. നിക്ഷേപിക്കാൻ ഒരിക്കലും കടം വാങ്ങരുത്. ട്രേഡിംഗ് എല്ലാവർക്കും വേണ്ടിയുളളതല്ല, ഇതൊക്കെയായിരുന്നു ഇന്ത്യൻ ട്രേഡിംഗിലെ കുലപതിയായിരുന്ന ജുൻജുൻവാലയുടെ ഏറ്റവും മൂല്യവത്തായ ഉപദേശങ്ങൾ