ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ ബാക്കിയാകുന്നത്, അദ്ദേഹം സ്വരൂപിച്ച കോടികളുടെ സമ്പാദ്യവും, പിന്നെ ആ മനുഷ്യൻ പകർന്ന നിക്ഷേപ തത്വങ്ങളുമാണ്.
രാകേഷ് ജുൻജുൻവാല എല്ലായ്പ്പോഴും പ്രായോഗികതയുടെ വക്താവ് ആയിരുന്നു. അവസരങ്ങൾ എങ്ങനെ ആഘോഷിക്കണമെന്നും തോൽവിയെ എങ്ങനെ ഭംഗിയായി സ്വീകരിക്കാമെന്നും അദ്ദേഹത്തിന് ശരിക്കും അറിയാമായിരുന്നു, ഇത് ജുൻജുൻവാലയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുളള അഭിഭാഷകനായ സുമിത് അഗർവാളിന്റെ വാക്കുകളാണ്. എപ്പോൾ എന്ത് തിരഞ്ഞെടുക്കണമെന്നും പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നു ഇത് തെളിയിക്കുന്നു.
മാർക്കറ്റ് റെഗുലേറ്റർ സെബി, ഭാര്യയെ പോലെയാണെന്നാായിരുന്നു ജുൻജുൻവാല സുമിതിനോട് പറഞ്ഞത്. ചില ഇടപാടുകളിൽ സെബിയുടെ വീക്ഷണ രീതിയും ജുൻജുൻവാലയുടേതും വിഭിന്നമായിരുന്നു. സെബിയിലെ മീറ്റിംഗിന് മുന്നോടിയായി സുമിതുമായി ദീർഘനേരം സംവാദിക്കുകയും ചില ഓപ്ഷനുകളുടെ ഗുണദോഷങ്ങൾ മനസ്സിലാക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. റെഗുലേറ്റർമാർ പങ്കാളിയെപ്പോലെയാണെന്ന് ജുൻജുൻവാല പറഞ്ഞത് ഈ സംഭാഷണങ്ങളിലാണ്. ശരിയോ തെറ്റോ, ഐക്യം നിലനിർത്താൻ നിങ്ങൾ എപ്പോഴും അവരുമായി യോജിച്ചു പോകണം. കാരണം ജീവിതം മുഴുവൻ കാഴ്ചപ്പാടുകളുടേതാണ്. നമുക്ക് അത് പരിഹരിച്ച് മുന്നോട്ട് പോകണം, ജുൻജുൻവാല എന്തുകൊണ്ട് സ്റ്റോക്ക് മാർക്കറ്റിലെ അജയ്യനായി എന്നതിന് അടിവരയിടുന്നതാണ് മുൻ സെബി നിയമ ഉദ്യോഗസ്ഥൻ കൂടിയായ സുമിത് അഗർവാളിന്റെ ഈ വാക്കുകൾ.
40,000 കോടിയിലധികം മൂല്യമുള്ള സ്റ്റോക്ക് ഹോൾഡിംഗുകളുടെ ഒരു സാമ്രാജ്യമാണ് ജുൻജുൻവാല കെട്ടിപ്പടുത്തത്. ബുദ്ധിപരമായി സ്റ്റോക്ക് സെലക്ഷൻ നടത്തിതിലൂടെ ദശാബ്ദങ്ങളായി ഇന്ത്യൻ ഓഹരി വിപണി അദ്ദേഹം ഭരിച്ചു. സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പണം വാരാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന നിർദ്ദേശങ്ങളുടെ ഒരു പുസ്തകമാണ് ജുൻജുൻവാല. രാകേഷ് ജുൻജുൻവാല ഒരിക്കലും ഒരു അമിതഭാഷി ആയിരുന്നില്ല. സുമിതിനെപ്പോലെ അദ്ദേഹവുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ ആളുകൾക്ക് രസകരമായ കഥകളാണ് പങ്കുവെക്കാനുളളത്.
സെബിയുമായി ഒന്നിലധികം തവണ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയ ആളാണ് രാകേഷ് ജുൻജുൻവാല. എന്നാൽ ഓരോ തവണയും അവ എങ്ങനെ രമ്യമായി പരിഹരിക്കണമെന്ന് ജുൻജുവാലയുടെ നയതന്ത്രത്തിന് നന്നായി അറിയാമായിരുന്നു. ഇപ്പോൾ വിയോഗശേഷവും സ്റ്റോക്ക് ട്രേഡിംഗിൽ പുതുതലമുറയ്ക്ക് ഒരു പ്രചോദനമാകാൻ രാകേഷ് ജുൻജുൻവാലയ്കക്ക് കഴിയുന്നതും ആ അപാരമായ ബുദ്ധിയാണ്.