ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അമൃത, ഹരിയാനയിലെ ഫരീദാബാദിൽ തുറന്നു. 6,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ആശുപത്രി, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ആറ് വർഷം കൊണ്ടാണ് മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ആദ്യഘട്ട ത്തിൽ 550 കിടക്കകൾ സജ്ജീകരിക്കും, അടുത്ത 18 മാസത്തിനുള്ളിൽ ഇത് 750 ആക്കാനും പദ്ധതിയിടുന്നു.
130 ഏക്കർ വിസ്തൃതിയിൽ ഏഴ് നിലകളോട് കൂടിയ അമൃതയിൽ, കേന്ദ്രീകൃത സമ്പൂർണ ഓട്ടോമേറ്റഡ് ലബോറട്ടറി ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, പുനരധിവാസ കേന്ദ്രം, രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഹെലിപാഡ്, രോഗികളുടെ കുടുംബാംഗങ്ങൾക്കായുള്ള ഗസ്റ്റ്ഹൗസ് എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളുമുണ്ട്. ആശുപത്രി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ, 10,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.