മൊബൈലുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ചാർജറുകൾ സ്വീകരിക്കുന്നത് പരിശോധിക്കാൻ സർക്കാർ വിദഗ്ധ സംഘത്തെ രൂപീകരിക്കുന്നു. വിശദമായ പഠനത്തിന് ശേഷം രണ്ട് മാസത്തിനകം സംഘം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. മൊബൈലുകളും, ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും മൂന്ന് സെഗ്മെന്റുകളിലായി ചാർജ്ജ് ചെയ്യാനാകുന്ന പോർട്ടുകളുടെ സാദ്ധ്യത പരിശോധിക്കും. ആദ്യഘട്ടമെന്ന നിലയിൽ, സി-ടൈപ്പ് പോർട്ട് ഉൾപ്പെടെ രണ്ട് തരം ചാർജറുകളിലേക്ക് മാറുന്നത് പരിഗണിക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിലെ മികച്ച അഞ്ച് ബ്രാൻഡുകളായ സാംസങ്, ഷവോമി, ഓപ്പോ, വിവോ, റിയൽമി എന്നിവ നിലവിൽ സി-ടൈപ്പ് ചാർജിംഗ് പോർട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, ചാർജ്ജ് ചെയ്യുന്നതിന് യുഎസ്ബി-സി പോർട്ട് ഉപയോഗിക്കാത്ത ആപ്പിൾ ഫോണുകൾക്കടക്കം തീരുമാനം തിരിച്ചടിയായേക്കും. 2024-ഓടെ എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും യുഎസ്ബി-സിയെ ഒറ്റ ചാർജിംഗ് സ്റ്റാൻഡേർഡായി പിന്തുണയ്ക്കണമെന്ന യൂറോപ്യൻ യൂണിയൻ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് തീരുമാനം. പൊതുചാർജ്ജർ നയത്തിലൂടെ, വർദ്ധിച്ചുവരുന്ന ഇ-മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കുമെന്ന് വിലയിരുത്തുന്നു. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി യുടെ കണക്കനുസരിച്ച്, 2019-ൽ മാത്രം ഇന്ത്യയിൽ 3,000 കിലോ ടണ്ണിലധികം ഇ-മാലിന്യമാണ് സൃഷ്ടിക്കപ്പെട്ടത്.