ലോകത്തിലെ ആദ്യ ഹരിത വിമാനത്താവളമെന്ന അംഗീകാരം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യൻസ് ഓഫ് എർത്ത് അവാർഡ് 2018 ലഭിച്ചു.
യാത്രക്കാരുടെ എണ്ണം അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാൽ, കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളവും, ഇന്ത്യയിലെ ഏഴാമത്തെ വലിയ വിമാനത്താവളവുമാണ് കൊച്ചിയിലേത്. വലിയ എയർക്രാഫ്റ്റുകളെ പോലും ഉൾക്കൊള്ളാൻ ശേഷിയുള്ള, 3.4 കിലോമീറ്റർ വരെ നീളമുള്ള റൺവേയാണ് എയർപോർട്ടിനുള്ളത്.
പൊതു-സ്വകാര്യ ഉടമസ്ഥതയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ എയർപോട്ടും ഇതാണ്. 2013ൽ ആദ്യത്തെ സോളാർ ഫോട്ടോവോൾട്ടെയ്ക് പവർ സ്റ്റേഷൻ പ്ലാന്റ് മേൽക്കൂരയിൽ സ്ഥാപിച്ച് ചരിത്രം കുറിച്ചു. പിന്നീടങ്ങോട്ട് കുതിപ്പ് തുടർന്നുകൊണ്ടേയിരുന്നു. 7 കോടി ചെലവിൽ കൂടുതൽ സോളാർ പവ്വർ യൂണിറ്റുകൾ സ്ഥാപിച്ചു. നിലവിൽ ഇതേ പ്ലാന്റുകളിലൂടെ ഒരു മാസം ഏഴു മുതൽ എട്ട് ലക്ഷം രൂപ വരെ വൈദ്യുതി ബില്ലാണ് എയർപോർട്ട് ലാഭിക്കുന്നത്.