ഓണമെന്നാൽ മലയാളിക്ക് വർണാഭമായ പൂക്കളം കൂടിയാണ്. പൂക്കളത്തിന് നടുവിൽ അങ്ങനെ നിവർന്ന് നിൽക്കാൻ ഓണത്തപ്പൻ കൂടി വേണം. എങ്കിലേ പൂക്കളം പൂർണമാകൂ എന്ന് പഴമക്കാർ പറയും. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് സങ്കൽപം.

ഓണത്തപ്പന് പലയിടങ്ങളിൽ പല പേരുകളും ഐതീഹ്യങ്ങളും ഏറെയാണ്.

ഐതിഹ്യം പറയുന്നത്:

ഓണത്തപ്പനെന്നാൽ സാക്ഷാൽ തൃക്കാക്കരയപ്പൻ  ആണെന്നാണ് വിശ്വാസം. ഇനി ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി  ആണെന്നും അതല്ല മാവേലിയെ ചവിട്ടിതാഴ്ത്തിയ  സാക്ഷാൽ വാമനമൂർത്തിയാണെന്നും രണ്ടുണ്ട് പക്ഷം.

എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര  ഉത്സവത്തിന് പോകാനാകാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങൾ നടത്തണമെന്ന പെരുമാളിന്റെ ശാസനയിലാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു വാദവുമുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്താറുണ്ട്. മുത്തിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് എന്നിവയ്ക്കൊപ്പമാണ് കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലും ഉത്രാട നാളിൽ തൃക്കാക്കരയപ്പനെയും വീട്ടുമുറ്റത്തെ കളത്തിൽ കുടിവെക്കുന്നു.

കളിമണ്ണിൽ വിരിയുന്ന ഓണത്തപ്പൻ

കളിമണ്ണ് കൊണ്ടാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, പതം വരുത്തി പിന്നീട് പിരമിഡ് രൂപത്തിലാക്കി നിറം കൊടുത്ത് തണലത്തുണക്കിയാണ് നിർമാണം.  എറണാകുളത്ത് എരൂർ, പൂക്കാട്ടുപടി, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഓണത്തപ്പനെ നിർമിക്കുന്ന നിരവധി കുടുംബങ്ങളാണുളളത്.

പൂക്കാട്ടുപടി പാലയ്ക്കപ്പറമ്പിൽ വീട്ടിൽ ലീല വി.വി. എന്ന വീട്ടമ്മ കഴിഞ്ഞ 20 വർഷമായി വീട്ടിൽ ഓണത്തപ്പൻ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നു

ഒരു ദിവസം കൊണ്ട് 100 ഓണത്തപ്പനെ നിർമിക്കുമെന്ന് ലീല പറയുന്നു.  കൈ കൊണ്ട് മണ്ണ് കുഴച്ച് ഷേപ്പ് നൽകി അത് പാകത്തിലുണങ്ങി നിറം നൽകി വിൽപനക്ക് സജ്ജമാകാൻ നാല് ദിവസമെടുക്കും. പാലക്കാട് നിന്നുമാണ് ഇതിനായുളള കളിമണ്ണ് കൊണ്ടുവരുന്നത്. ഒരു ബോൾ മണ്ണിന് 230 രൂപ നൽകിയാണ് വാങ്ങുന്നത്. ഒരു സീസണിൽ ഇത്തരത്തിൽ 800 ഓണത്തപ്പൻ വരെ നിർമിക്കും. 3 സൈസിൽ ചെറുതും വലുതുമായി ഓണത്തപ്പനെ നിർമിക്കാറുണ്ട്. തൃക്കാക്കരയപ്പനാണ് ഓണത്തപ്പനെന്ന വിശ്വാസമുളളതിനാൽ കുളിച്ച് ശുദ്ധമായി വ്രതമെടുത്താണ് ലീല ഓണത്തപ്പന് രൂപം നൽകുന്നത്.

ഓണത്തപ്പൻ വരുമാനമാർ‍​ഗമാകുമ്പോൾ

കോവിഡും മഴയുമെല്ലാം ഇത്തവണത്തെ ഓണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലെക്കാൾ ആശാവഹമാണ് വിൽപനയെന്ന് ലീല പറയുന്നു. മുത്തിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല്, ഓണത്തപ്പൻ എന്നിങ്ങനെ ഒരു സെറ്റായി വിൽക്കുന്നതിന് 230 രൂപയാണ് ലീല ഈടാക്കുന്നത്. ഓണത്തപ്പൻ തന്നെ വാങ്ങുന്നതിന് 200 രൂപയാണ്. കടയിൽ പോയി വില പേശാതെ വാങ്ങുന്നവർ പോലും തങ്ങളെ പോലുളളവരുടെ മുൻപിൽ വില പേശുമെന്ന് ലീല പറയും. വറുതിയുടെ കർക്കിടകാലം മായ്ച്ച് സമ്പൽസമൃദ്ധിയുടെ പൊന്നിൻചിങ്ങത്തെ വരവേൽക്കുമ്പോൾ മലയാളിയുടെ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങളിൽ നിറയാൻ ഓണത്തപ്പനും കൂടിയേ തീരു. ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമായാലും ഓണത്തപ്പൻ ഒന്നേയുളളൂ. ലീലയെ പോലുളളവർക്ക് അത് ഒരു വരുമാനമാർഗവുമാണ്.

Share.

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version