channeliam.com

❝ വീട്ടിലെ രുചിയിൽ മായമില്ലാത്ത പലഹാരങ്ങൾ കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?

ഈ ഓണക്കാലത്ത്, ചാനൽഐആം പരിചയപ്പെടുത്തുന്നത്, പലാരനിർമ്മാണത്തിൽ ലോകമറിയുന്ന പാചകറാണി, ഇളവരശി പി. ജയകാന്തിന്റെ അശ്വതി ഹോട്ട് ചിപ്സിനെയാണ്.

മധുരയിൽ നിന്ന് തൃശൂരിലേക്ക്

ഓണക്കാലമായാൽ തൃശ്ശൂരിൽ ഒരു പൂരം കൂടിയുണ്ട്; ഉപ്പേരിയുടെയും ശർക്കരവരട്ടിയുടെയും ഉണ്ണിയപ്പത്തിന്റെയുമൊക്കെ വിപണിപ്പൂരം.

45 വർഷങ്ങൾക്ക് മുൻപാണ് മധുരയിൽ നിന്നും ഇളവരശിയും കുടുംബവും തൃശ്ശൂരിലെത്തുന്നത്. കുടുംബത്തിന്റെ അതേ പാതയിൽ ഇളവരശിയും സഞ്ചരിച്ചു, മധുരപലഹാര നിർമ്മാണം അങ്ങനെ സംരംഭമാക്കി അവർ. രുചിയുള്ള പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കി അടുത്തുള്ള കടകളിലും വീടുകളിലും വിറ്റു തുടങ്ങിയ ചെറിയ സംരംഭം ജീവിതം ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് പലഹാരങ്ങൾ കയറ്റി അയക്കുന്ന അശ്വതി ഹോട്ട് ചിപ്സ് എന്ന ബ്രാൻഡായി വളർന്നിരിക്കുന്നു.

ലൈവായി കാണാം, രുചിക്കാം, വാങ്ങാം

തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലായി അഞ്ചു കടകളാണ് അശ്വതി ഹോട്ട് ചിപ്സിനുള്ളത്. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യപ്പതിപ്പുള്ള പലഹാരങ്ങളാണ് അശ്വതിയുടെ ഹൈലൈറ്റ്. ഉപ്പേരി പ്രേമികളും കടകളും ധാരാളമായുള്ള സ്ഥലമാണ് കേരളം. ഇവിടെയാണ് ഇളവരശി വ്യത്യസ്തയാകുന്നത്. അമ്മമാർ മക്കൾക്ക് വിശ്വസിച്ചു കൊടുക്കുന്ന ഗുണത്തോടെയും സ്നേഹത്തോടെയുമാണ് ഇളവരശി കറുമുറകൾ ഉണ്ടാക്കുന്നത്. കസ്റ്റമർ ഫ്രണ്ട്‌ലി ആയ ചുറ്റുപാടാണ് അശ്വതി ഹോട്ട് ചിപ്സിൽ നമുക്ക് കാണാൻ കഴിയുക. ആളുകൾക്ക് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് ലൈവ് ആയിട്ട് കാണാനും കഴിച്ചു നോക്കാനും ഇഷ്ടപെട്ടത് നോക്കി വാങ്ങാനുമായൊരുക്കുന്ന അവസരം ഈ ബ്രാൻഡിനെ ജനങ്ങളിലേക്ക് ചേർത്ത് നിർത്തുന്നു. ലൈവ് ആയി ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഷോപ്പുകൾ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യം ഗ്യാരണ്ടി ആണ്. റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു കട യാത്രക്കാരെ കരുതിയാണ് പ്രവർത്തിക്കുന്നത്. യാത്ര ചെയ്യുമ്പോൾ സുരക്ഷിതമായതും പോക്കറ്റ് ഫ്രണ്ട്‌ലി ആയതുമായ ചെറുകടികളായിരിക്കും ഉത്തമം എന്ന് ഇളവരശി പറയുന്നു. പലഹാരങ്ങളുടെ തനതായ വാസനയും രുചിയുമാണ് ആളുകളെ ഹോട്ട് ചിപ്‌സിലേക്ക് ആകർഷിക്കുന്നത്.

ഇരുനൂറിൽ പരം പലാരങ്ങൾ!

എന്തുകൊണ്ട് ചിപ്സ് ബിസിനസ് എന്ന് ചോദിച്ചാൽ, ഇളവരശിക്ക്‌ പറയാനുള്ളത് ഇതാണ്…

” മനുഷ്യൻ ഉണ്ടാകുന്നത് തൊട്ട് മരണം വരെ കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമാണ് ചിപ്സ്. അതുകൊണ്ട് തന്നെ ചിപ്സ് ബിസിനസ് എന്നും വിജയിക്കുന്ന ഒന്നായിരിക്കും”. 

വീട്ടിലുണ്ടാക്കുന്ന പോലെ തന്നെ അധികം മസാലയോ മായാമോ നിറമോ ചേർക്കാതെ തനത്‌ രുചിയിലാണ് താൻ പലഹാരങ്ങൾ ഉണ്ടാക്കുന്നതെന്നാണ് ഇളവരശി പറയുന്നത്. അത് തന്നെയാണ് ബിസിനസ്സിന്റെ കോർ എന്നും അവർ വിശ്വസിക്കുന്നു. ഇരുന്നൂറിൽ പരം എണ്ണിയാൽ തീരാത്തത്ര ഇനം പലഹാരങ്ങളുള്ള അശ്വതി ഹോട്ട് ചിപ്സിൽ വെറും ഹോട്ട് ചിപ്സുകൾ മാത്രമല്ല വിൽക്കുന്നത്. കായ, ചക്ക, ചേന, ചേമ്പ്, കപ്പ തുടങ്ങി നിരവധി ഇനങ്ങളുടെ ചിപ്സും കൂർക്ക, ചേന തുടങ്ങിയ വെറൈറ്റി അച്ചാറുകളും അശ്വതി ഹോട്ട് ചിപ്സിന്റെ മുഖമുദ്രകളാണ്. പഴങ്ങൾ കൊണ്ടും പച്ചക്കറികൾ കൊണ്ടുമുള്ള കേക്കുകളും ഷുഗറുള്ളവർക്കു കഴിക്കാൻ കഴിയുന്ന വിവിധ തരം ഹൽവകളും ഇളവരശിയുടെ അടുക്കളയിൽ ഒരുങ്ങുന്നുണ്ട്.

ടീം, വെല്ലുവിളികൾ

തൊണ്ണൂറിലധികം തൊഴിലാളികളാണ് ഇളവരശിയുടെ ഹോട്ട് ടീമിലുള്ളത്. കൂടുതൽ സ്ത്രീകൾക്ക് ജോലി നൽകാനാണ് ഇളവരശി എന്നും ശ്രമിച്ചിട്ടുള്ളത്. അമ്മമാരുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണല്ലോ. സെയിൽസ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പ്രവർത്തിക്കുന്ന ജോലിക്കാർക്ക് ഏറ്റവും മികച്ച ട്രെയിനിങ് നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. ടീമിന്റെ താങ്ങും കസ്റ്റമേഴ്സിന്റെ കരുത്തുമാണ് ബിസിനസ്സിന്റെ വിജയമെന്നും അവർ കരുതുന്നു. കോവിഡിനു ശേഷം ഫുഡ് ഇൻഡസ്ട്രിയിൽ ചലഞ്ചുകൾ വർധിച്ചു വരികയാണ്. എല്ലാവരും പിടിച്ചു നിൽക്കാനും വളരാനുമുള്ള പരിശ്രമത്തിലാണ്. പക്ഷെ ഇളവരശിക്ക് മത്സരങ്ങളും എതിരാളികളുമില്ല. കോവിഡ് അശ്വതി ഹോട്ട് ചിപ്സിനെ തളർത്തിയില്ല, പകരം ഓൺലൈൻ ആയി വളരാനും അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഖത്തർ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് തുടക്കം കുറിക്കാനും കാരണമായി. ഇന്ന് ലോകം അറിയുന്ന പാചകറാണിയായി മാറിയിരിക്കുകയാണ് ഇളവരശി.

ഓണം സെയിൽ

കഴിഞ്ഞ അഞ്ചു വർഷങ്ങളായിട്ട് മനുഷ്യരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരുന്നു. പ്രളയവും മഹാമാരിയും ഓക്കെ കഴിഞ്ഞ്, പ്രകാശമുള്ള ഒരു ഓണക്കാലമാണ് എത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിലെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. തൃശൂർ ടൗൺ വീണ്ടും തിക്കും തിരക്കിലുമാഴുന്നു. ഓണമാണ് ഏറ്റവും കൂടുതൽ സെയിൽ ഉള്ള സമയം. ചുരുക്കി പറഞ്ഞാൽ, അശ്വതി ഹോട്ട് ചിപ്സിനു ആവശ്യക്കാർ കൂടുന്ന സമയം. ഈ ഓണക്കാലത്ത് പുത്തൻ ചിപ്സുകൾക്കൊപ്പം പുതിയ കുറച്ചു പരീക്ഷണങ്ങൾ കൂടി നടത്തി നോക്കി ഇളവരശി. ചിപ്സും പലഹാരങ്ങളും പൊതിയാനുള്ള നല്ല കിടിലൻ പാക്കറ്റുകൾ. പല ഡിസൈനിലും എഴുത്തിലുമുള്ള പൗച്ചുകളും ഗിഫ്റ്റ് ബോക്സുകളുമാണ് പുതിയതായി എത്തിയിരിക്കുന്നത്. പായ്ക്കറ്റിൽ cooked with love എന്ന് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ഓരോ കസ്റ്റമേഴ്സിനും ഉണ്ടാകുമെന്ന് ഇളവരശി പറയുന്നു. ഇളവരശിയുടെ അഞ്ചു ഷോപ്പുകളിലും നല്ല ജനക്കൂട്ടമുണ്ട്. ചിപ്സ് പാക്കറ്റിലാക്കുന്ന തിരക്കിലാണ് ഇളവരശി. കച്ചവടം പൊടിപൊടിക്കുന്നതിന്റെ സന്തോഷവുമുണ്ട് അവരുടെ മുഖത്ത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com