അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്ന ഓൺലൈൻ മാർക്കറ്റ് പ്ലേസായ ഫാർമേഴ്‌സ് ഫ്രഷ് സോൺ, പാൽവിതരണ സ്റ്റാർട്ടപ്പായ AM Needsനെ ഏറ്റെടുത്തു. ഏകദേശം 16 കോടി രൂപയുടേതാണ് ഈ ക്യാഷ് ആൻഡ് സ്റ്റോക്ക് ഡീൽ. ഈ ഏറ്റെടുക്കലിലൂടെ ഫാർമേഴ്‌സ് ഫ്രഷ് സോൺ അതിന്റെ പോർട്ട്‌ഫോളിയോയിലേക്ക് നാടൻ പാലും മൂല്യവർദ്ധിത ഉൽപന്നങ്ങളും ചേർക്കുകയാണ്. ഈ ഏറ്റെടുക്കൽ 144 ബില്യൺ ഡോളർ മൂല്യമുളള പാൽ വിപണിയിൽ ഫാർമേഴ്‌സ് ഫ്രഷ് സോണിന് മികച്ച സാന്നിദ്ധ്യം നൽകും.
പഴങ്ങളും പച്ചക്കറികളും ഫ്രഷായി ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഫാർമേഴ്‌സ് ഫ്രഷ് സോണിന് പാൽ ഉല്പന്നങ്ങളും കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്ന് Farmers Fresh Zone ഫൗണ്ടറും സിഇഒയുമായ Pradeep PS പറഞ്ഞു. ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്കിന്റെ ഫണ്ട് നേടിയ സ്റ്റാർട്ടപ്പാണിത്.
സുജിത് സുധാകരനും രഞ്ജിത്ത് ബാലനും ചേർന്ന് 2019-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് AM Needs. എല്ലാ ദിവസവും രാവിലെ 7 മണിക്ക് മുമ്പായി ഉപഭോക്താക്കൾക്ക് പുത്തൻ ഇനങ്ങളുടെ ഡെലിവറി ഉറപ്പാക്കുന്നതിനുള്ള ഒരു ടെക്‌നോളജി സ്റ്റാക്കും പ്ലാറ്റ്‌ഫോമും വിജയകരമായി AM Needs നിർമ്മിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ AM നീഡ്‌സ് നിലവിൽ പ്രവർത്തിക്കുന്നു. കൂടാതെ പാൽ, പച്ചക്കറികൾ, പ്രഭാതഭക്ഷണ അവശ്യവസ്തുക്കൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതിൽ മികവ് പുലർത്തുന്നു. കഴിഞ്ഞ വർഷം 12 ലക്ഷം ഓർഡറുകൾ വിതരണം ചെയ്തു.
കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളാണ് ഫാർമേഴ്‌സ് ഫ്രഷ് സോണിന്റെ നിലവിലെ പ്രവർത്തന കേന്ദ്രങ്ങൾ.
2021 സെപ്റ്റംബറിൽ ഫാർമേഴ്‌സ് ഫ്രഷ് സോൺ ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്കിന്റെ നേതൃത്വത്തിൽ 6 കോടി പ്രീ-സീരീസ് എ ഫണ്ടിംഗ് പ്രഖ്യാപിച്ചിരുന്നു. സ്ഥാപനം നിലവിൽ 3 മടങ്ങ് വർഷാവർഷ വളർച്ചയിലാണ്. ഒരു നല്ല ഫുഡ് കൾച്ചർ ബ്രാൻഡ് എന്ന നിലയിലേക്ക് വളരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രദീപ് വ്യക്തമാക്കി.