പോർട്ടബിൾ വിവാഹ ഹാൾ ആശയത്തെ പ്രോത്സാഹിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും, പ്രമുഖ വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര. ഒരു ട്രക്കിനുള്ളിൽ മൊബൈൽ വിവാഹ മണ്ഡപം സജ്ജീകരിക്കുന്ന 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. സംവിധാനത്തിന്റെ സർഗ്ഗാത്മകവും, പരിസ്ഥിതി സൗഹൃദവുമായ സവിശേഷതകളെ ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു.
ഈ ആശയത്തിന് പിന്നിലെ തലച്ചോറിനെ നേരിട്ടു കാണണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. സെപ്തംബർ 25ന് പുറത്തുവിട്ട വീഡിയോ 4 ലക്ഷത്തിലധികം ആളുകളാണ് ട്വിറ്ററിലൂടെ കണ്ടത്. മൊബൈൽ ക്ലിനിക്കുകൾക്കും, ടോയ്ലറ്റുകൾക്കും ശേഷമുള്ള മികച്ച ആശയമാണിതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. സ്റ്റൈലിഷ് ഫർണിച്ചറുകൾ ഉൾപ്പെടെ 200 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് കല്യാണമണ്ഡപത്തിലുള്ളതെന്നാണ് വീഡിയോയിൽ പറയുന്നത്.