2022ലെ ഫുട്ബോള്‍ ലോകകപ്പ് അടുക്കാറായി. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഇതിനുമുന്നോടിയായി പല കലാകാരന്മാരും ലോകകപ്പുമായി ബന്ധപ്പെട്ട പാട്ടുകളും, നൃത്തങ്ങളുമെല്ലാം പുറത്തിറക്കിട്ടുണ്ട്. അത്തരത്തില്‍ കൊച്ചുകുട്ടികള്‍ ചേര്‍ന്ന് ഒരുക്കിയ ഒരു ലോകകപ്പ് വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വീഡിയോ പങ്കുവെച്ചതോ, പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും. ലോകകപ്പിന്റെ ഔദ്യോഗിക സൗണ്ട് ട്രാക്കുകളിലൊന്നായ ‘ഹയ്യ ഹയ്യ’യ്ക്കാണ് ഉഗാണ്ടയിലെ ഗെറ്റോ കിഡ്സ് എന്ന വൈറൽ ഡാൻസ് ഗ്രൂപ്പ് ചുവടുവെയ്ക്കുന്നത്. താരങ്ങള്‍ ഗ്രൗണ്ടില്‍ ലൈനപ്പ് ചെയ്യുന്നതും, ലോകകപ്പിന്റെ മാതൃകയുമെല്ലാം വീഡിയോയിലുണ്ട്.
ലോകകപ്പിന് മുന്നോടിയായി കോടികള്‍ ചെലവിട്ട് ഫിഫയും ഖത്തറും നിര്‍മിക്കുന്ന പരസ്യങ്ങളേക്കാള്‍ മുകളിലാണ് കുട്ടികള്‍ ഒരുക്കിയിരിക്കുന്ന വീഡിയോയെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. ഫുട്ബോളിനോട് ലോകത്തിന് എത്രത്തോളം അഭിനിവേശമുണ്ടെന്ന് കാണിക്കുന്ന ഈ സന്തോഷപ്രദമായ വീഡിയോയോളം മറ്റൊരു പരസ്യവും ആളുകളെ ആവേശം കൊള്ളിക്കുകയില്ലെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായ വീഡിയോയിപ്പോൾ ഫുട്ബോൾ ആരാധകരുടെയാകെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. നവംബര്‍ 20നാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കം ഡിസംബര്‍ 18 ന് സമാപിക്കും.