രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി.
വ്യോമസേനയുടെ ജോധ്പൂർ എയർ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ വി. ആർ ചൗധരിയടക്കമുള്ളവർ പങ്കെടുത്തു.
5,000 മീറ്റര്‍ വരെ ഉയരത്തില്‍ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന എൽസിഎച്ച്, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് വികസിപ്പിച്ചത്.
പ്രാഥമികമായി ഉയർന്ന പ്രദേശങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഹെലികോപ്റ്ററിന് ഉഗ്രം എന്നർത്ഥം വരുന്ന ‘പ്രചന്ദ്’ എന്നാണ് പേരു നൽകിയിരിക്കുന്നത്.
ദൃശ്യ- ശബ്ദ, റഡാർ, ഐആർ സിഗ്നേച്ചറുകൾ ഉൾപ്പെടുന്ന 5.8 ടൺ ഭാരമുള്ള ട്വിൻ എഞ്ചിനാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്കുള്ളത്.
രാത്രി സമയത്തും ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകർക്കാൻ കഴിവുള്ള ആക്രമണശേഷിയും, ക്രാഷ് യോഗ്യമായ ലാൻഡിംഗ് ഗിയറും മറ്റ് സവിശേഷതകളാണ്.
ഏത് പ്രതികൂല കാലാവസ്ഥയിലും ടേക്ക് ഓഫും ലാന്റിംഗും നടത്താനാകുന്ന ഹെലികോപ്റ്റർ, സാവധാനത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കും റിമോട്ട് പൈലറ്റ് വിമാനങ്ങൾക്കും എതിരെയും ഉപയോഗിക്കാം
മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സുരക്ഷാസമിതി, 14 ലഘു യുദ്ധ ഹെലികോപ്റ്ററുകൾ വാങ്ങാൻ അംഗീകാരം നൽകിയത്.
പത്തെണ്ണം വ്യോമസേനയ്ക്കും, അഞ്ചെണ്ണം കരസേനയ്ക്കുമാണ് കൈമാറുന്നത്.