കരസേനയിലെ ജോലി രാജി വച്ച് മത്സ്യകൃഷിയിലേക്ക് ഇറങ്ങിയ ഒരു പിണറായിക്കാരനുണ്ട് അങ്ങ് കണ്ണൂരിൽ…. പാറപ്രം സ്വദേശി ദിനിൽ പ്രസാദ്. ആർമിയിൽ 6 കൊല്ലം ജോലി നോക്കിയതിന് ശേഷമാണ് കൃഷിയോടുളള അഭിനിവേശം മൂലം ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. CMFRI യുടെ സാങ്കേതിക സഹായത്തോടെയും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ യുമാണ്, അഞ്ചരക്കണ്ടി പുഴയിൽ കൂടൊരുക്കി മത്സ്യകൃഷി തുടങ്ങിയത്.
സ്വന്തമായി കൃഷി ചെയ്യാൻ ഭൂമി വേണ്ട എന്നതാണ് ദിനിലിന്റ കൃഷിയുടെ പ്രത്യേകത. പൊതുജലാശയത്തിലാണ് കൃഷി. ശുദ്ധമായ ജലത്തിലാകണം കൃഷി എന്നതിനാൽ ഒരുപരിധി വരെ പുഴ മലിനമാകുന്നതും ഒഴിവാക്കാനാകുമെന്ന് ദിനിൽ പറയുന്നു. രണ്ടു മാസം വരെ പ്രായമുളള മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 1000 മുതൽ 1500 കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്.
ആഭ്യന്തരവിപണിയാണ് നിലവിൽ ദിനിലിന് വരുമാനം നൽകുന്നത്. കരിമീൻ ഏതൊരു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന മത്സ്യമാണ്. ചെമ്മീനും ഞണ്ടും പോലെ കരിമീനും വിദേശവിപണി കണ്ടെത്താൻ സാധിച്ചാൽ നന്നായിരിക്കും എന്നാണ് ദിനിലിന്റെ അഭിപ്രായം. എന്നാൽ കരിമീൻ കൃഷിയെക്കാൾ കർഷകന് ലാഭം തരുന്നത് കാളാഞ്ചിയാണെന്ന് ദിനിൽ പറയുന്നു. കരിമീൻ 6-ാം മാസം വിളവെടുക്കുമ്പോൾ 35,000-50,000 രൂപ വരെയാണ് കർഷന് ലഭിക്കുന്നതെങ്കിൽ കാളാഞ്ചി ഒരു ലക്ഷം രൂപ വരെ നൽകും.
സോഷ്യൽ മീഡിയ പ്രത്യേകിച്ചും ഫേസ്ബുക്കുംം വാട്സ്ആപ്പും വഴിയാണ് വില്പന. നേരിട്ട് വരുന്നവർക്കും നല്ല പെടപെടപ്പൻ മത്സ്യം വാങ്ങിപ്പോകാം. കൃഷി ചെയ്യാൻ താല്പര്യമുളളവർക്ക് കൂടൊരുക്കി കൊടുത്ത് വേണ്ട സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളും ദിനിൽ നൽകുന്നുണ്ട്. എണ്ണയാൽ സമ്പന്നമായി തീർന്ന ഗൾഫ് പോലെ മത്സ്യത്തിലൂടെ കേരളത്തെ മറ്റൊരു ഗൾഫാക്കി മാറ്റാനാകുമെന്നാണ് ദിനിൽ എന്ന കർഷകൻ സ്വപ്നം കാണുന്നത്.