ഗ്രാമീണ ജനങ്ങൾക്കുള്ള വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, റീജിയണൽ റൂറൽ ബാങ്കുകളോട് പോർട്ട്ഫോളിയോ വിപുലീകരിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇതിനായി രാജ്യത്തെ 43ഓളം വരുന്ന റീജിയണൽ റൂറൽ ബാങ്കുകളെ (RRB) പ്രയോജനപ്പെടുത്തും. പദ്ധതി പ്രകാരം, കാർഷിക വായ്പകൾ കൂടാതെ, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ചെറുകിട ബിസിനസ്സുകൾ തുടങ്ങിയവയ്ക്കായും ആർആർബികൾ വായ്പകൾ ലഭ്യമാക്കണം.
ഉയർന്ന കുടിശ്ശിക, ചെറുകിട ഇടത്തരം വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആശങ്കകൾക്കിടെയാണ് കേന്ദ്രത്തിന്റെ
പുതിയ നീക്കം. കേന്ദ്രസർക്കാരിന്റെ എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് (EASE) പരിഷ്കാരങ്ങളുടെ ഭാഗമായി ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. പൊതുമേഖലാ ബാങ്കുകൾക്കായി 2018ലാണ് സർക്കാർ EASE പരിഷ്കാരങ്ങളുടെ ആദ്യഘട്ടത്തിന് തുടക്കമിടുന്നത്. നിലവിൽ നടത്താനുദ്ദേശിക്കുന്നത് ഇതേ പരിഷ്ക്കാരങ്ങളുടെ അഞ്ചാം ഘട്ട പ്രവർത്തനങ്ങളാണ്.
പദ്ധതിയുടെ നേട്ടങ്ങൾ
പദ്ധതി പ്രാവർത്തികമാകുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങൾ കൈവരിക്കാനാകും.
വലിയ ഗ്രാമീണ ശൃംഖലയും, പ്രാദേശിക ധാരണയും പ്രയോജനപ്പെടുത്തി ബിസിനസ്സ് വിപുലീകരിക്കാൻ ഇത് ഗ്രാമീണ ജനതയെ സഹായിക്കുമെന്നതാണ് അതിൽ ഒന്നാമത്തേത്. രണ്ടാമതായി, വിദ്യാഭ്യാസം, ഭവനം, മൈക്രോ ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള ഗ്രാമീണ ഉപഭോക്താക്കളുടെ ക്രെഡിറ്റ് ആക്സസ് വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, റീജിയണൽ റൂറൽ ബാങ്കുകളെ കൂടുതൽ മത്സരാധിഷ്ഠിതവും, ബിസിനസ്സ് സൗഹൃദവുമാക്കുന്നതിലേക്ക് ഇത് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.