ഓട്ടോണമസ് വാഹനങ്ങളും, ഹൈ പെർഫോമൻസുള്ള ഇലക്ട്രിക്ക് ബൈക്കുകളും പുറത്തിറക്കാൻ ഹീറോ മോട്ടോകോർപ്പ് പദ്ധതിയിടുന്നു. ഉയർന്ന പെർഫോമൻസുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ, B2B വാഹനങ്ങൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ്, ഓട്ടോണമസ് വാഹനങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 ഒക്ടോബർ ഏഴിന് ഹീറോ മോട്ടോകോർപ്പ് വിദ എന്ന പുതിയ ബ്രാൻഡിന് കീഴിൽ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയിരുന്നു. പ്രീമിയം വിഭാഗത്തിലാണ് 1.45 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള Vida V1 അവതരിപ്പിച്ചത്.
ഉപയോക്താക്കൾക്കായി മൊബിലിറ്റി ആസ് എ സർവ്വീസ്, ബാറ്ററി ആസ് എ സർവ്വീസ് തുടങ്ങി വ്യത്യസ്തമായ ഓഫറുകൾ നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ഡോർ-സ്റ്റെപ്പ് അസിസ്റ്റൻസ്, ബണ്ടിൽഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എന്നിവ Vida V1 നോടൊപ്പം തന്നെ ഹീറോ വാഗ്ദാനം ചെയ്യുന്നു. ഡിസംബർ മുതൽ ഡെലിവറി ആരംഭിക്കുന്ന Vida V1, അടുത്ത സാമ്പത്തിക വർഷത്തോടെ കൂടുതൽ വിപണികളിലേക്ക് വ്യാപിപ്പിക്കും. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർസ് എന്നിവയെ പിന്നിലാക്കിയാണ് ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് ഇരുചക്രവാഹന രംഗത്തേക്കുള്ള പ്രവേശനം.