പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, സ്റ്റാർട്ടപ്പ് ആശയങ്ങളും, പദ്ധതികളുമുള്ളവർക്കും വളരാൻ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇന്ത്യ.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾക്ക് ഗവൺമെന്റ് തന്നെ തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ അടുത്തിടെ ആരംഭിച്ച സപ്പോർട്ടിംഗ് എന്റർപ്രണേഴ്സ് ഇൻ ട്രാൻസ്ഫോർമേഷൻ ആൻഡ് അപ്സ്കില്ലിംഗ് പ്രോഗ്രാം, അഥവാ സേതു അത്തരമൊരു പദ്ധതിയാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് മാർഗനിർദേശവും പിന്തുണയും നൽകുകയെന്നതാണ് സേതുവിന്റെ ലക്ഷ്യം. ഫണ്ടിംഗ് കണ്ടെത്താനും മാർക്കറ്റ് ആക്സസിനും വാണിജ്യവൽക്കരണത്തിനും സേതു സഹായിക്കും. വിവിധ മേഖലകളിലുള്ള മെന്റർഷിപ്പ് നൽകും. സ്റ്റാർട്ടപ്പുകളെ യുഎസ്സിലെ നിക്ഷേപകരുമായും, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായും സേതു ബന്ധിപ്പിക്കുന്നു.
100 ലധികം യൂണികോണുകളുമായി, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.
രാജ്യത്തെ സംരംഭങ്ങളിലും, സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്ന യുഎസിലേതടക്കമുള്ള കമ്പനികളുമായി സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കാനും പദ്ധതി സഹായിക്കുന്നു. വ്യവസായ സംഘടനയായ നാസ്കോമിന്റേയും, ആഗോള മാനേജ്മെന്റ്, സ്ട്രാറ്റജി കൺസൾട്ടിംഗ് സ്ഥാപനമായ സിന്നോവിന്റേയും റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥിരമായ വളർച്ചയ്ക്ക് വിധേയമാകുന്നുണ്ട്. 2016 മുതൽ, 56 വ്യത്യസ്ത മേഖലകളിലായി 60,000 പുതിയ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കപ്പെട്ടു. 6 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ഈ സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചത്. 2021-ൽ, കോവിഡ് വ്യാപന സമയത്ത് മാത്രം ഇന്ത്യയിൽ 40-ലധികം യൂണികോൺ സ്റ്റാർട്ടപ്പുകളാണ് ഉയർന്നുവന്നത്. അപ്പോ ഇനി സേതുവിനെ ബന്ധപ്പെടുകയല്ലേ?