എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് (BYJU’S) തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ‘എഡ്യൂക്കേഷൻ ഫോർ ഓൾ’ ന്റെ (Education for All) ആദ്യ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസ്സിയെ (Lionel Messi) നിയമിച്ചു.

തുല്യതയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കാൻ മെസ്സി ബൈജൂസുമായി കരാറിൽ ഒപ്പുവെച്ചതായി പ്രസ്താവനയിൽ അറിയിച്ചു. BYJU’s Education For All (EFA) നിലവിൽ ഏകദേശം 5.5 ദശലക്ഷം കുട്ടികൾക്ക് പഠനഅവസരം നൽകാൻ ലക്ഷ്യമിടുന്നു. പരിപാടിയുടെ വിജയത്തിന് ലയണൽ മെസ്സിയെക്കാൾ മികച്ച ഒരു പ്രതിനിധിയെ ലഭിക്കാനില്ലെന്ന് ബൈജൂസ് കോഫൗണ്ടർ ദിവ്യ ഗോകുൽനാഥ് പറഞ്ഞു.

“ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റുന്നു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കരിയർ ബൈജൂസ് മാറ്റിമറിച്ചു. പഠിതാക്കൾക്ക് ഉയരങ്ങളിൽ എത്താനും മുന്നേറ്റം തുടരാനും ഇത് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മെസ്സി പറഞ്ഞു.
എക്കാലത്തെയും മികച്ച കളിക്കാരൻ എക്കാലത്തെയും മികച്ച പഠിതാവ് കൂടിയാണ്.
ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ സ്വപ്നം കാണാനും നന്നായി പഠിക്കാനും പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ലോകമെമ്പാടുമായി ഫുട്ബോളിന് ഏകദേശം 3.5 ബില്യൺ ആരാധകരുള്ളതിനാൽ വിദേശത്ത് ബൈജൂസീന് കൂടുതൽ പ്രചാരം നൽകാൻ ഈ തീരുമാനം ഉപകരിക്കും. PSGക്ക് വേണ്ടി കളിക്കുന്ന മെസ്സി അർജന്റീനിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനുമാണ്.



ലയണൽ മെസ്സിക്ക് ഏകദേശം 450 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉണ്ട്. BYJU’S ഖത്തറിൽ നടക്കുന്ന FIFA ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസറുമാണ്.
മെസ്സിയെ ബ്രാൻഡ് അംബാസിഡറാക്കുന്നതിന് എത്ര തുക നൽകേണ്ടിവരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതാദ്യമല്ല പ്രമുഖർ ബൈജൂസിന്റെ ഭാഗമാകുന്നത്. 2017ൽ അവർ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിരുന്നു.