ടെക്നോളജിയിലൂടെ ആദിവാസി സമൂഹത്തെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടുളള പദ്ധതിയാണ് ‘ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ കോളനികൾ’.
ഇ-എജ്യുക്കേഷൻ, ഇ-ഹെൽത്ത് പ്രോഗ്രാമുകൾ സംയോജിപ്പിച്ച് ആദിവാസി കോളനികളെ ഡിജിറ്റലി കണക്ടഡ് ആക്കുന്നതാണ് പദ്ധതി. വയനാട്ടിലെ ആദിവാസി കോളനികളിൽ നടപ്പാക്കുന്ന പദ്ധതി കേരള പട്ടികവർഗ വികസന വകുപ്പും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും സംയുക്തമായിട്ടാണ് നടപ്പാക്കുന്നത്.
വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിന്റെയും (cdac) സഹായത്തോടെ ഈ പദ്ധതിയിലൂടെ, ആദിവാസി കോളനികളിലെ ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലൂടെ ആദിവാസി കോളനികളിലെ സാമൂഹ്യ പഠനമുറികൾ സ്മാർട്ട് ആക്കും. പബ്ലിക് എജ്യുക്കേഷൻ ഫണ്ടിന്റെ ഇ-റിസോഴ്സ് പോർട്ടലുമായി ഇത് ബന്ധിപ്പിക്കും.
വിദ്യാർത്ഥികളുടെ ഇന്ററാക്ടിവ് ലേണിങിന് ഇതിലൂടെ അവസരം തുറക്കും. ആദിവാസികൾക്ക് പരിചിതമായ ഭാഷയിലാകും ക്ലാസുകൾ. തൊഴിൽ അന്വേഷകർക്ക് മെന്ററിംഗ്, പി എസ് സി കോച്ചിംഗ്, കമ്പ്യൂട്ടർ പഠനം എന്നിവയ്ക്കും CDAC വഴി അവസരമൊരുക്കും. ടെക്നോളജി കണക്റ്റിവിറ്റിയിലൂടെ ട്രൈബൽ എന്റർപ്രണർഷിപ്പ് വളർത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സാമൂഹ്യ പഠന മുറികൾ കേന്ദ്രീകരിച്ച് രോഗനിർണ്ണയവും ആദിവാസി ഊരുകളിൽ ടെലി കൺസൾട്ടേഷൻ സംവിധാനവും നടപ്പാക്കും. റീജിയണൽ കാൻസർ സെന്റർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, CSIR-NIIST തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സേവനങ്ങൾ വയനാട്ടിലെ ആദിവാസി ഊരുകളിൽ ഓൺലൈനായി ലഭ്യമാകുമെന്നതാണ് ഇതിന്റെ നേട്ടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സാംക്രമികേതര രോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഓറൽ ക്യാൻസർ, സെർവിക്കൽ ക്യാൻസർ എന്നിവ പരിശോധിക്കുന്നതിനും ചികിത്സയ്ക്ക് വിദഗ്ധ ഉപദേശങ്ങൾ നൽകുന്നതിനുമുള്ള ടെലിമെഡിസിൻ സംവിധാനവും ഉണ്ടാകും.
ആദിവാസികൾക്ക് പുതുജീവൻ പകരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 9 കോടി രൂപയാണ്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഇത് നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.