മസ്കിനും ബെസോസിനും പിന്നാലെ ബഹിരാകാശ ടൂറിസവുമായി Space Aura
ബഹിരാകാശ ടൂറിസം ഭാവിയിലെ വലിയ സാധ്യതയാണെന്നതിൽ തർക്കമില്ല. ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ഈ മേഖലയിൽ മുൻപേ നടന്നവരാണ്. ഇലോൺ മസ്കിന്റെ സ്പേസ്എക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പേസ് ടൂറിസം രംഗത്തേക്കിറങ്ങുകയാണ് ഒരു ഇന്ത്യൻ കമ്പനി. മുംബൈ ആസ്ഥാനമായുള്ള സ്പേസ് ഓറ എയ്റോസ്പേസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ് SKAP 1 എന്ന പേരിൽ 10X8 അടി വലുപ്പമുളള ബഹിരാകാശ പേടകം നിർമ്മിക്കുന്നത്. ആറ് സന്ദർശകരെയും പൈലറ്റിനെയും വഹിക്കാൻ ശേഷിയുളളതാണ് പേടകം. സ്പേസ് ക്യാപ്സ്യൂളിൽ എല്ലാ ആധുനിക സൗകര്യങ്ങളും, ജീവൻ രക്ഷാ ഉപകരണങ്ങളും, ഇൻഫർമേഷൻ സംവിധാനങ്ങളും ഉണ്ടായിരിക്കും.
ഭൂമിയിൽ നിന്ന് 35 കിലോമീറ്റർ ചുറ്റളവിൽ പേടകം നിലകൊള്ളും.
സമുദ്രനിരപ്പിൽ നിന്ന് 30 മുതൽ 35 കിലോമീറ്റർ വരെ സ്പേസ് ക്യാപ്സ്യൂൾ എത്തിക്കാൻ ഹൈഡ്രജൻ അല്ലെങ്കിൽ ഹീലിയം ബലൂൺ ഉപയോഗിക്കും. അവിടെ സഞ്ചാരികൾക്ക് ഭൂമിയുടെ വക്രതയും ബഹിരാകാശത്തിന്റെ ഇരുട്ടും ഒരു മണിക്കൂർ നേരിൽ കാണാൻ കഴിയും. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ബഹിരാകാശ ദൗത്യത്തിന് ചെലവ് കുറവായിരിക്കും. യാത്രയുടെ ചെലവ് നിശ്ചയിച്ചിട്ടില്ലെങ്കിലും ഏകദേശം 50 ലക്ഷത്തിനടുത്ത് വരാനാണ് സാധ്യത. വിക്ഷേപണത്തിനായി മധ്യപ്രദേശിലെയും കർണാടകയിലെയും പ്രദേശങ്ങളാണ് സജ്ജമാക്കുക.
ദൗത്യം പൂർത്തിയാക്കാൻ TIFR, ISRO എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുമായി ചേർന്ന് പ്രവർത്തിക്കുകയാണ് കമ്പനി. ഇന്ത്യയിൽ സ്പേസ് ടൂറീസം പ്രോത്സാഹിപ്പിക്കുകയും വിനോദസഞ്ചാരികൾക്ക് ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച നൽകുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു.