ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രം.
പന്തുരുളുന്നത് ഖത്തറിലാണെങ്കിലും കോളടിച്ചത് തമിഴ്നാട്ടിലെ കോഴിഫാം ഉടമകൾക്കാണ്. Egg City എന്ന് പേരുകേട്ട നാമക്കലിലെ കോഴിഫാം ഉടമകൾക്ക് പ്രതിസന്ധിയിൽ ഒരാശ്വാസമാകുകയാണ് ഖത്തർ ലോകകപ്പ്. കാരണം ഫുട്ബോൾ പ്രേമികളുടെ വയർ നിറയ്ക്കാനുളള മുട്ട പോകുന്നത് ഇങ്ങ് നാമക്കലിൽ നിന്നാണ്. ഈ മാസം അഞ്ച് കോടി മുട്ടകളാണ് ഖത്തറിലേക്ക് കയറ്റി അയക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 2 കോടി മുട്ടകൾ കടൽ കടന്നു കഴിഞ്ഞു. 2023 ജനുവരി വരെ ഈ മുട്ട വിതരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ.
കോവിഡും പക്ഷിപ്പനിയുമെല്ലാം വലച്ച കോഴിഫാം ഉടമകൾക്ക് ലോകകപ്പ് നൽകുന്നത് ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണെന്ന് പറയാം.
ലോകകപ്പ് കാലം കേരളത്തിൽ നിന്നുളള പച്ചക്കറി-പഴവർഗ കയറ്റുമതിയിലും മികച്ച മുന്നേറ്റമാണ് കാണിക്കുന്നത്. പച്ചക്കറി-പഴ കയറ്റുമതിയിൽ 10-15% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി-പഴവർഗ ഇനത്തിൽ 6000 ടണ്ണാണ് പ്രതിമാസം കയറ്റി വിടുന്നത്. എങ്ങനെ നോക്കിയാലും ലോകകപ്പ് ഇന്ത്യയിലെ വ്യാപാരസമൂഹത്തിന് പുത്തനുണർവ്വാണ് നൽകിയിരിക്കുന്നത്.
2007-2008കാലത്ത് നാമക്കലിൽ നിന്ന് ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങി 11 രാജ്യങ്ങളിലേക്കും 15 കോടി വരെ മുട്ട കയറ്റുമതി ചെയ്തിരുന്നു. എന്നാൽ കോഴിമുട്ടയുടെ ഷെൽഫ് ആയുസ്സ് ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കയറ്റുമതി കുറയുകയും ഇതുമൂലം കോഴിഫാം ഉടമകൾ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനുപുറമെ, കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളുടെ കർശന നിബന്ധനകൾക്ക് വഴങ്ങി ഇന്ത്യയിൽ നിന്ന് മുട്ട വാങ്ങുന്നതിൽ നിന്ന് രാജ്യങ്ങൾ പിൻമാറിയിരുന്നു.
മുൻനിര കയറ്റുമതി രാജ്യങ്ങളിലൊന്നായ തുർക്കി കോഴിമുട്ടയുടെ വില രണ്ടിരട്ടിയാക്കിയതോടെയാണ് ഇറക്കുമതിക്ക് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയെ വീണ്ടും ആശ്രയിക്കുന്നത്. 5 crore eggs from Tamil Nadu’s Namakkal will be exported to Qatar during and before the World Cup. Some reports say 2 crore egggs have already been sent to Doha.