ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്വറി റിവർക്രൂയിസ് ടൂറിസം പദ്ധതിയുമായി കേന്ദ്രസർക്കാർ. ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളിലൂടെ കടന്നുപോകുന്ന പദ്ധതിയ്ക്ക് Ganga Vilas എന്നാണ് പേരു നൽകിയിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച്, 2023 ജനുവരി 10ഓടെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് അസമിലെ ദീബ്രൂഗഡിലേയ്ക്ക് ക്രൂയിസ് യാത്രയാരംഭിക്കും. വാരണാസിയിൽ നിന്ന് പുറപ്പെട്ട് ബംഗ്ലാദേശ് വഴി അസമിലേയ്ക്ക്, 50 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ഏകദേശം 4,000 കിലോമീറ്റർ ദൂരം പിന്നിടും. രാജ്യത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉത്തേജിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കപ്പൽ കടന്നുപോകുന്ന വഴി
പൈതൃക സൈറ്റുകളുൾപ്പെടെ 50-ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളും, 27 വ്യത്യസ്ത നദീതടങ്ങളും Ganga Vilas യാത്രയിലൂടെ സന്ദർശിക്കാനാകും. സുന്ദർബൻസ് ഡെൽറ്റ, കാസിരംഗ നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ പാർക്കുകളിലൂടെയും കപ്പൽ കടന്നുപോകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗംഗാ നദിയെ പൂജിക്കുന്ന വാരണാസിയിലെ ഗംഗാ ആരതി, രാജ്യത്തെ ബ്ലാക്ക് മാജിക്കിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന മയോങ്ങ് എന്നിവയും യാത്രയിലുൾപ്പെടുത്തി യിട്ടുണ്ടെന്നാണ് സൂചന. മാർച്ച് ഒന്നിന് അസമിലെ ദിബ്രുഗഢ് ജില്ലയിലെ ബോഗിബീലിൽ കപ്പൽ എത്തിച്ചേരും. കൊൽക്കത്ത, ധാക്ക തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയും യാത്ര കടന്നുപോകും.
പൊതു-സ്വകാര്യ പങ്കാളിത്തം
പൊതു-സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ ക്രൂയിസ് സർവീസാണ് Ganga Vilas. സർക്കാർ ഏജൻസിയായ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (IWAI) സഹകരിച്ച്, Antara Luxury River Cruises, JM Baxi River Cruises എന്നീ സ്വകാര്യ കമ്പനികളാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ക്രൂയിസ് ബോട്ടിൽ സഞ്ചരിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും നിരക്ക് നിർണ്ണയത്തിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്നാണ് സൂചന. ഗംഗ-ഭാഗീരഥി-ഹൂഗ്ലി റിവർ സിസ്റ്റം, ഇന്ത്യ-ബംഗ്ലാ പ്രോട്ടോക്കോൾ റൂട്ട് (കൊൽക്കത്ത-ധുബ്രി), ബ്രഹ്മപുത്രയ്ക്ക് മുകളിലൂടെയുള്ള ദേശീയ ജലപാത എന്നീ മൂന്ന് ജലപാതകളിലൂടെ കപ്പൽ കടന്നുപോകും.
Ganga Vilas cruise to set off its maiden voyage on January 10, 2023. Ganga Vilas is the world’s longest luxury river cruise. The 50-day-long cruise ship would cover a distance of 4,000 kilometres.