ചേർത്തലയിലെ ഒരു സാധാരണ കർഷകനും, ട്രാക്ടർ ഡ്രൈവറുമായ പ്രശാന്തിന്റെ ഇന്നവേഷനാണ് വാരം കോരി യന്ത്രം. അതായത് വളരെ കുറഞ്ഞ സമയം കൊണ്ട്, പാടത്തും പറമ്പിലും വരമ്പൊരുക്കിയെടുക്കുന്ന ഒരു യന്ത്രമാണിത്. ഒരു സ്മാർട്ട് യന്ത്രമാണ് ‘വാരം കോരി യന്ത്രം’. അദ്ധ്വാനത്തിനൊത്ത് വരുമാനമില്ലാത്ത സാധാരണ കർഷകന് ഏറ്റവും കൂടുതൽ പണം ചിലവാകുന്നത് പണിക്കൂലി ഇനത്തിലാണ്. കൂലി കൊടുത്താലും പണി അറിയുന്ന ആളുകളെ കിട്ടാനില്ലാത്തതും വലിയ പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് വാരം കോരി യന്ത്രം കർഷകർക്ക് തുണയാകുന്നത്.
പത്ത് ആളുകൾ 35000 രൂപയ്ക്ക് ചെയ്യുന്ന പണി ഈ വാരം കോരിയന്ത്രം വെറും 5000/ രൂപയിൽ തീർത്തു കൊടുക്കും. പോരേ?
വാരം കോരാൻ മാത്രമല്ല ചെറു ബണ്ടുകൾ നിർമ്മിക്കാനും ഈ യന്ത്രം ഉപയോഗിക്കാം. ട്രാക്ടറിന് പിന്നിൽ ഘടിപ്പിക്കുന്ന വിധത്തിൽ നിർമ്മിച്ച വാരം കോരി യന്ത്രം 50സെ.മീറ്റർ വീതിയും, 25 സെ.മീ പൊക്കവുള്ള വരമ്പുകളാണ് ഒരുക്കുന്നത്.160 കിലോയോളം ഭാരം വരുന്ന യന്ത്രത്തിന്റെ നിർമ്മാണ ചിലവ് ഏകദേശം 65000 രൂപയാണ്. ട്രാകടറിലെ ഉഴവുകലപ്പയുടെ കാലുകൾ അഴിച്ചു മാറ്റി അതേ ഫ്രെയിമിലാണ് യന്ത്രമുറപ്പിക്കുന്നത്. രണ്ട് റൗണ്ടുകളായാണ് വരമ്പു നിർമാണം പൂർത്തിയാക്കുന്നത്. ഓഫ് സീസണിൽ തൊഴിലില്ലായ്മയ്ക്കും, നാട്ടിലെ പച്ചക്കറി കർഷകരുടെ വാരം കോരലിലെ ബുദ്ധിമുട്ടിനും പരിഹാരമായിട്ട് കണ്ടുപിടിച്ച വാരം കോരൽ മെഷീൻ കർഷകർക്ക് വലിയ ആശ്വാസമാണെന്ന് ട്രാക്ടർ ഡ്രൈവറായ പ്രശാന്ത് പറയുന്നു.