ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ പറ്റുമോ?
നടക്കില്ലെന്ന് ഒറ്റയടിക്ക് അങ്ങ് പറയാൻ വരട്ടെ,
ചെന്നൈ കേന്ദ്രമായ സ്പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് നടത്തുന്നത് ചെറിയ കളികളല്ല. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഒരു കാർഗോ ട്രക്കും നാല് കാരവാനുകളും മാത്രം ഉപയോഗിച്ചുളള മൊബൈൽ ലോഞ്ച് പാഡ് മതിയെന്നാണ് അഗ്നികുലിന്റെ ടെക്നോളജി പറയുന്നത്.
ശ്രീഹരിക്കോട്ടയിലോ തുമ്പയിലോ ഉള്ള ബഹിരാകാശ പോർട്ടുകൾക്ക് പകരം ഈ മൊബൈൽ ലോഞ്ച് പാഡ് ഉപയോഗിച്ചാണ് അഗ്നികുൽ കോസ്മോസ് റോക്കറ്റ് ലോഞ്ചിംഗ് ലക്ഷ്യമിടുന്നത്. പത്ത് ദിവസം കൂടുമ്പോൾ ഒരു റോക്കറ്റ് വിക്ഷേപിക്കുക എന്നതാണ് ലക്ഷ്യമെന്നും ഒരു മൊബൈൽ ലോഞ്ചർ അതിന് അനുയോജ്യമാകുമെന്നും കമ്പനിയുടെ കോഫൗണ്ടറും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു.
കല്യാണം പോലെയെന്ന് ശ്രീനാഥ്
ഒരു കല്യാണം നടത്തുന്നത് പോലെയാണ് ഇതെന്ന് ശ്രീനാഥ് പറയുന്നു. ഒരു ഹാൾ എടുക്കുന്നു. സാധന സാമഗ്രികളെല്ലാം കൊണ്ടുപോയി കല്യാണം നടത്തി തിരിച്ചു വരുന്നു. സമാനമായ ആശയമാണ് ഇവിടെയും. വിക്ഷേപണത്തിന് അനുമതിയുള്ള പ്രദേശം എടുക്കുന്നു. അഗ്നികുൽ അതിന്റെ വാഹനം, ലോഞ്ച് സപ്പോർട്ട് സിസ്റ്റങ്ങൾ, ഇന്ധന ഫില്ലിംഗ് സ്റ്റേഷൻ, ലോഞ്ച് കൺട്രോൾ റൂം എന്നിവയുമായി അവിടെയെത്തുന്നു. മൊബൈൽ ലോഞ്ച്പാഡ് ക്രമീകരിക്കുന്നു. 7-8 ദിവസത്തിനുള്ളിൽ ലോഞ്ചിംഗ് നടത്തുന്നു. മുഴുവൻ ഇൻഫ്രാസ്ട്രക്ചറും മൊബൈൽ ആയതിനാൽ ഇത് എളുപ്പമാണെന്ന് ശ്രീനാഥ് പറയുന്നു. മാത്രമല്ല വീണ്ടും വീണ്ടും ഇതേ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കാനുമാകും.
ശ്രീഹരിക്കോട്ടയിൽ നിന്ന് പരീക്ഷണ വിക്ഷേപണം
ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒയോ മറ്റേതെങ്കിലും ഏജൻസിയോ നൽകുന്ന 200 ടൺ ക്രെയിൻ ഇവിടെ ആവശ്യമില്ല. ഒരു ട്രക്കും നാല് കാരവാനുകളും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിക്കാം. മൊബൈൽ ലോഞ്ച് പാഡുകൾ ഉപയോഗിച്ച് റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനാലാണ് ലിക്വിഡ് പ്രൊപ്പൽഷൻ തിരഞ്ഞെടുത്തതെന്ന് ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. ഡിസംബറിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് പരീക്ഷണ വിക്ഷേപണം നടത്താനും 2023 ന്റെ ആദ്യ പാദത്തോടെ വാണിജ്യ വിക്ഷേപണം നടത്താനും അഗ്നികുൽ പദ്ധതിയിടുന്നു. അതിനിടെ, തൂത്തുക്കുടിക്ക് സമീപം കുലശേഖരപട്ടണത്ത് സജ്ജമാകുന്ന നിർദ്ദിഷ്ട ബഹിരാകാശ പോർട്ടും അഗ്നികുലിന്റെ പദ്ധതികൾക്ക് അനുയോജ്യമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും അനുമതി ലഭിച്ചാൽ കുലശേഖരപട്ടണത്ത് ബഹിരാകാശ പോർട്ട് ഉടൻ ആരംഭിക്കുമെന്ന് ISRO ചെയർമാൻ എസ് സോമനാഥ് അടുത്തിടെ പറഞ്ഞിരുന്നു.
Chennai-based space startup Agnikul Cosmos is all set to revolutionise the space scenario with a mobile launch pad. To set up the mobile launch pad, all it needs would be a cargo truck and four caravans. This can be used to launch small satellites. According to Srinath Ravichandran, CEO and co-founder of Agnikul Cosmos, the goal is to launch a rocket every ten days. It would be like organising a wedding. Agnikul would set up a venue for the launch by bringing its vehicles, launch support systems, fuel filling station, and the launch control room. The launch pad will be ready within seven to eight days.