ശ്രീഹരിക്കോട്ട സ്പേസ്പോർട്ടിൽ സ്വന്തമായി ലോഞ്ച്പാഡും മിഷൻ കൺട്രോൾ സെന്ററും ഉള്ള ആദ്യത്തെ ഇന്ത്യൻ സ്പേസ് ടെക് സ്റ്റാർട്ടപ്പായി അഗ്നികുൽ കോസ്മോസ്. അഗ്നികുലിന്റെ എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്ത ലോഞ്ച്പാഡ് ഇസ്രോയുടെയും IN-SPACe ന്റെയും പിന്തുണയോടെയാണ് യാഥാർത്ഥ്യമായത്.
സ്റ്റാർട്ടപ്പിന്റെ ലോഞ്ച്പാഡും മിഷൻ കൺട്രോൾ സെന്ററും കൗണ്ട്ഡൗൺ ഘട്ടത്തിൽ സ്വതന്ത്രമായി 100 ശതമാനം പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനായി 4 കിലോമീറ്റർ അകലത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ മിഷൻ കൺട്രോൾ സെന്ററുമായി ആവശ്യമായ ഡാറ്റയും മറ്റ് നിർണായക വിവരങ്ങളും പങ്കിടാൻ തക്കവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.
അഗ്നികുൾ അതിന്റെ അഗ്നിബാൻ റോക്കറ്റിന്റെ വെർട്ടിക്കൽ ലോഞ്ച് നടത്തുമ്പോൾ ഈ സൗകര്യം ആദ്യം പ്രയോജനപ്പെടുത്തും. ഈ വർഷാവസാനമോ 2023 ആദ്യമോ പേറ്റന്റ് നേടിയ അഗ്നികുൾ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചാണ് വിക്ഷേപണം. ലോ എർത്ത് ഓർബിറ്റിൽ (LEO) 700 കിലോമീറ്റർ വരെ 100-കിലോ ഭാരമുളള ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുളള വാഹനമായാണ് കമ്പനി അഗ്നിബാനെ വിശേഷിപ്പിക്കുന്നത്. അഗ്നിലെറ്റ് എഞ്ചിൻ ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിന്റഡ് എഞ്ചിൻ കൂടിയാണ്.
എയ്റോസ്പേസ് എഞ്ചിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും മോയിൻ എസ്പിഎമ്മും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)-മദ്രാസ് ഫാക്കൽറ്റി അംഗം പ്രൊഫ. സത്യനാരായണ ആർ ചക്രവർത്തിയും ചേർന്ന് 2017-ലാണ് അഗ്നികുൽ കോസ്മോസ് സ്ഥാപിച്ചത്. 2020 ഡിസംബറിലാണ് സ്റ്റാർട്ടപ്പ് ഐഎസ്ആർഒയുമായി കരാർ ഒപ്പിട്ടത്. Rocketship.vc, Mayfield India, pi Ventures, Speciale Invest, ആനന്ദ് മഹീന്ദ്ര, നേവൽ രവികാന്ത് എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് മൊത്തം 35 മില്യൺ ഡോളർ അഗ്നികുൾ സമാഹരിച്ചിട്ടുണ്ട്.
Agnikul Cosmos opens launchpad and mission control centre in Sriharikota