ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്കർ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിൽ ബെംഗളൂരുവിലായിരുന്നു അന്ത്യം. കിർലോസ്കർ സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു.
1888-ൽ ആരംഭിച്ച കിർലോസ്‌കർ ഗ്രൂപ്പിന്റെ നാലാം തലമുറ അംഗമാണ് വിക്രം കിർലോസ്കർ. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ കിർലോസ്‌കർ, 1990-കളുടെ അവസാനത്തിൽ ജപ്പാനിലെ ടൊയോട്ട മോട്ടോർ കോർപ്പറേഷനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിക്രം കിർലോസ്കർ Rhode Island School of Designന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്തിന് ശേഷം വിക്രം കുടുംബ ബിസിനസിലേക്കിറങ്ങി. തുടക്കത്തിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം നിരവധി യന്ത്ര ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു.
കിർലോസ്കർ ഗ്രൂപ്പ് മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കൊപ്പം പമ്പുകൾ, എഞ്ചിനുകൾ, കംപ്രസ്സറുകൾ എന്നിയും നിർമ്മിക്കുന്നു. ടൊയോട്ട ഗ്രൂപ്പുമായി സഹകരിച്ച് കർണാടകയിൽ ഓട്ടോമൊബൈൽ നിർമ്മാണ വ്യവസായം ആരംഭിക്കുന്നതിന്റെ ചുക്കാൻ പിടിച്ചത് വിക്രം കിർലോസ്കറായിരുന്നു. ‘സുവർണ കർണാടക’ അവാർഡ് നൽകി കർണാടക സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.
Automobile veteran Vikram Kirloskar (64) passes away.