ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന പരീക്ഷണവുമായി യുകെയിലെ (UK) കമ്പനികൾ. 4 ഡേയ്സ് വർക്ക് വീക്ക് കാമ്പെയ്ൻ എന്നാണ് പരീക്ഷണ പദ്ധതിയുടെ പേര്. ശമ്പളം വെട്ടിക്കുറയ്ക്കാതെ തന്നെ, ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന തൊഴിൽരീതി മുന്നോട്ടുവെയ്ക്കുകയാണ് ഈ ക്യാമ്പെയ്ൻ.
കമ്പനികൾക്ക് സമ്മതം
യുകെയിലെ 100 കമ്പനികൾ ഇതിനോടകം തന്നെ പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആഴ്ചയിൽ നാല് ദിവസം തൊഴിലെടുക്കുന്നത് കമ്പനികളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും, ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു. പുതിയ തൊഴിൽരീതി സ്വീകരിക്കാൻ തയ്യാറായ കമ്പനികളുടെ പട്ടികയിൽ യുകെയിലെ ആദ്യ ആപ്പ് അധിഷ്ഠിത ബാങ്കായ ആറ്റം ബാങ്ക് (Atom Bank), ആഗോള മാർക്കറ്റിംഗ് കമ്പനിയായ അവിൻ (Awin) എന്നിവയും ഉൾപ്പെടുന്നുണ്ട്.
ഇരു കമ്പനികൾക്കും യുകെയിൽ ഏകദേശം 450 ജീവനക്കാരുണ്ട്. 2022 ജൂണിൽ, യുകെ ആസ്ഥാനമായുള്ള 70 സ്ഥാപനങ്ങൾ സമാന തൊഴിൽരീതിയുടെ പ്രായോഗികത പരീക്ഷിച്ചിരുന്നു. പ്രാദേശിക മത്സ്യകടയും, ചിപ്പ് കടയും മുതൽ വൻകിട ധനകാര്യ കമ്പനികൾ വരെയുള്ള സ്ഥാപനങ്ങളെയുൾപ്പെടുത്തി നടത്തിയ 4 ഡേ വീക്ക് കാമ്പെയ്നിലൂടെ ഈ രീതിയുടെ കാര്യക്ഷമത വിലയിരുത്തി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ബോസ്റ്റൺ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുമായി സഹകരിച്ചായിരുന്നു ആയിരക്കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള ആറ് മാസത്തെ കാമ്പെയ്ൻ.
ലോകം മുഴുവൻ 4 ഡേയ്സ് വർക്ക് തരംഗം
നിരവധി ജോലിസ്ഥലങ്ങളിൽ സമാന പരീക്ഷണം നടക്കുന്നുണ്ട്. പ്രധാനമായും വൈറ്റ് കോളർ ജീവനക്കാരാണ് പദ്ധതിയുടെ ഭാഗമാവുന്നത്. കൂടുതൽ സമയം ജോലി ചെയ്യുകയെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പ്രദായത്തിന് മാറ്റം വരേണ്ടിയിരിക്കുന്നുവെന്നാണ് പൊതുവേ ഉയർന്നു വരുന്ന അഭിപ്രായം. ലോകത്താകമാനമുള്ള കണക്കെടുത്താൽ ഏകദേശം 150 കമ്പനികൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
അമേരിക്ക, കാനഡ, യുകെ, അയർലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 7000ത്തിലധികം ജീവനക്കാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിസ്കോ, യൂണിലിവർ തുടങ്ങിയ കമ്പനികളിൽ ഇതിനോടകം തന്നെ പരീക്ഷണം നടന്നിട്ടുണ്ട്. ഓരോ ദിവസവും 10 മണിക്കൂർ ജോലി ചെയ്യണമെന്ന അടിസ്ഥാനത്തിലും വെള്ളിയാഴ്ച അവധി അനുവദിച്ചുമാണ് ഈ കമ്പനികളിൽ പരീക്ഷണം നടത്തിയത്. ബെൽജിയം, സ്കോട്ട്ലൻറ് ആൻറ് വെയിൽസ്, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ആഴ്ചയിൽ നാല് ദിവസം ജോലിയെന്ന പരീക്ഷണത്തിന് നേരത്തെ തന്നെ തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യയിൽ പ്രായോഗികമാകുമോ ?
ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിലൊന്നും നിലവിൽ 4 ഡേയ്സ് വർക്ക് വീക്ക് ഓപ്ഷനില്ല. എന്നിരുന്നാലും, നാല് ദിവസത്തെ വർക്ക് വീക്ക് തിരഞ്ഞെടുക്കുന്ന ജീവനക്കാർ സാധാരണ 8, 9 മണിക്കൂറിന് പകരം ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്എംസിജി, ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളേക്കാൾ വേഗത്തിൽ നാല് മണിക്കൂർ വർക്ക് വീക്ക് പോളിസിയുമായി പൊരുത്തപ്പെടാൻ ഐടി പോലുള്ള മേഖലകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
Employers in the UK (UK) are experimenting with making employees work just four days a week. The experimental project is referred to as the 4 Days Work Week Campaign. The initiative supports a four-day workweek without a wage loss. In the UK, 100 businesses have already adopted the programme wholeheartedly.