2021-22 സാമ്പത്തിക വർഷം രാജ്യത്തെ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ നേടിയത് റെക്കോർഡ് നിക്ഷേപം. 4.6 ബില്യൺ ഡോളർ നിക്ഷേപമാണ്
അഗ്രിഫുഡ് സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയത്. വർഷം തോറും 119 ശതമാനം നിക്ഷേപ വർധനയാണ് അഗ്രിഫുഡ് സ്റ്റാർട്ടപ്പുകളിൽ രേഖപ്പെടുത്തുന്നത്. അഗ്രി ഫുഡ് ടെക് രംഗത്ത് ഏഷ്യ – പസഫിക് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരായ ചൈനയെ പിന്തള്ളിയാണ് രാജ്യത്തിന്റെ നേട്ടം. റെസ്റ്റോറന്റ് മാർക്കറ്റുകളും ഇ-ഗ്രോസറി സ്റ്റാർട്ടപ്പുകളും മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം, ഏകദേശം 3 ബില്യൺ ഡോളർ സമാഹരിച്ചു. ഫണ്ടിംഗിലെ വൻ വളർച്ചയ്ക്ക് പിന്നിൽ ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഭാഗികമായി സഹായകമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ അഗ്രിഫുഡ് സ്റ്റാർട്ടപ്പുകളിലെ മൊത്തം നിക്ഷേപത്തിന്റെ 38 ശതമാനം, അതായത് 1.2 ബില്യൺ ഡോളറാണ് സ്വിഗി സമാഹരിച്ചത്.
തിളങ്ങുന്നു ഫാംടെക് സ്റ്റാർട്ടപ്പുകൾ
42 ഡീലുകളിലൂടെ 934 മില്യൺ ഡോളർ ഇ-ഗ്രോസറി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചു. 2021 സാമ്പത്തിക വർഷത്തിലെ 25 ഡീലുകളിൽ നിന്ന് നേടിയ 244 മില്യൺ ഡോളറിൽ നിന്ന് 4 മടങ്ങ് വർധനയാണിത് കാണിക്കുന്നത്. ഇന്ത്യയിലെ ഫാംടെക് സ്റ്റാർട്ടപ്പുകൾ 140 ഡീലുകളിലൂടെ 1.5 ബില്യൺ ഡോളർ നിക്ഷേപം നേടി. മികച്ച കാർഷിക രീതികൾ മുതൽ വിശ്വസനീയമായ ഫാം-ടു-ഉപഭോക്തൃ കണക്ഷനുകൾ കെട്ടിപ്പടുക്കുന്നത് വരെയുള്ള പ്രക്രിയയെ സഹായിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഫാംടെക് സ്റ്റാർട്ടപ്പുകൾ. മെച്ചപ്പെട്ട സാങ്കേതികവിദ്യ സ്വീകരിക്കൽ, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ സ്ഥിരമായ ഡിമാൻഡ്, വർദ്ധിച്ചുവരുന്ന സുസ്ഥിര കാർഷിക രീതികൾ എന്നിവയാണ് രാജ്യത്തെ അഗ്രിഫുഡ് ടെക് സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപ ഒഴുക്കിനെ ഉത്തേജിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
Indian Agrifood startups earned a record $4.6 billion in Investment during FY 2021–22, an increase of 119 percent year over year. India surpassed China as the region’s largest financier of Agrifood-Tech Innovation.