പ്രമുഖ ആപ്പിൾ iPhone വിതരണക്കാരായ ഫോക്സ്കോൺ, രാജ്യത്ത് 500 മില്യൺ ഡോളർ നിക്ഷേപിക്കുന്നു. ചൈനയിലെ നിർമ്മാണ പ്ലാന്റുകളിൽ നിന്ന് ആപ്പിൾ പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നിക്ഷേപം.

ഐഫോൺ, ഐപാഡ് തുടങ്ങിയവയുടെ നിർമ്മാണം ഇന്ത്യയും, വിയറ്റ്നാമും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേയ്ക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നീക്കത്തെ വിലയിരുത്തുന്നു.
ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 40 മുതൽ 45 ശതമാനം വരെ ഐ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുകയെന്നതാണ് ആപ്പിളിന്റെ ദീർഘദൂര ലക്ഷ്യമെന്നാണ് സൂചന. 2025-ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ആപ്പിൾ, ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയിൽ നിന്ന് മാറും.

ഐ ഫോൺ ‘മേക്ക് ഇൻ ഇന്ത്യ’ !
ആപ്പിൾ ഐ ഫോൺ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇതിനോടകം തന്നെ ചെന്നൈ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ 5% മാത്രമാണ് ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്. ഈ വർഷം ആദ്യം ആപ്പിൾ ഇന്ത്യയിൽ പുതിയ iPhone 14-ന്റെ നിർമ്മാണം ആരംഭിച്ചു. ഈ വർഷം രാജ്യത്തെ മൊത്തം ഐഫോൺ ഉൽപ്പാദനത്തിന്റെ 85 ശതമാനവും ആപ്പിളിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ ഐഫോണുകൾ ആയിരിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഐഫോൺ 14 സീരീസിലൂടെ, ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനം 2021ലെ 7 ദശലക്ഷത്തിൽ നിന്ന് 2022-ൽ ഏകദേശം 13 ദശലക്ഷമായി ഉയരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അർദ്ധചാലക നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. Apple supplier Foxconn invests $500 Mn in India. Apple has been ramping up production plans in India. This is due to the China unrest over their Zero-Covid policy.