എല്ലാം റെക്കോർഡിലുണ്ടേ
എന്നാൽ അങ്ങനെയൊരു കണക്ക് ഇപ്പോൾ സ്വിഗ്ഗി വെളിപ്പെടുത്തിയിട്ടുണ്ട്. 2022-ൽ പ്ലാറ്റ്ഫോമിൽ നിന്ന് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് എന്താണെന്ന വിവരം സ്വിഗ്ഗി പുറത്തുവിട്ടു. ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ പട്ടികയിൽ ബിരിയാണിയാണ് ഒന്നാമതെത്തിയത്. സെക്കൻഡിൽ 2.28 ഓർഡറുകളോടെ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ ഭക്ഷ്യ വിഭവം. തുടർച്ചയായി ഏഴാം വർഷമാണ് ബിരിയാണി ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. ഈ വർഷം ഓരോ മിനിറ്റിലും 137 ബിരിയാണി ഓർഡറുകൾ ഡെലിവർ ചെയ്തതായും സ്വിഗ്ഗി അറിയിച്ചു.
അറിയണ്ടേ മറ്റുള്ളവയേതൊക്കെയെന്ന്?
റിപ്പോർട്ട് പ്രകാരം, ഈ വർഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത മറ്റു വിഭവങ്ങൾ മസാല ദോസ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ എന്നിവയാണ്. ഇന്ത്യൻ ഭക്ഷണത്തിനുപുറമേ മറ്റു രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങളോടും ഇന്ത്യക്കാർ ആഭിമുഖ്യം പുലർത്തുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറ്റാലിയൻ പാസ്ത, പിസ്സ, മെക്സിക്കൻ ബൗൾ, സ്പൈസി റാമെൻ, സുഷി തുടങ്ങിയ വിഭവങ്ങളും ഇന്ത്യക്കാരുടെ ഓർഡർ ലിസ്റ്റിലുണ്ട്.
ലഘു ഭക്ഷണങ്ങളെ ലഘുവായിക്കാണണ്ട !
ഈ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത 10 ലഘുഭക്ഷണ പട്ടികയിൽ 4 ദശലക്ഷം ഓർഡറുകളോടെ സമൂസ ഒന്നാമതെത്തി. സമൂസ, പോപ്കോൺ, പാവ് ഭാജി, ഫ്രഞ്ച് ഫ്രൈസ്, വെളുത്തുള്ളി ബ്രെഡ്സ്റ്റിക്സ്, ഹോട്ട് വിംഗ്സ്, ടാക്കോ, ക്ലാസിക് സ്റ്റഫ്ഡ് ഗാർലിക് ബ്രെഡ്, മിംഗിൾസ് ബക്കറ്റ് എന്നിവയാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ലഘുഭക്ഷണങ്ങൾ. 2.7 ദശലക്ഷം ഓർഡറുകളുള്ള ഗുലാബ് ജാമുൻ, 1.6 ദശലക്ഷം ഓർഡറുകളുള്ള രസ്മലായ്, 1 ദശലക്ഷം ഓർഡറുകളുള്ള ചോക്കോ ലാവ കേക്ക്, രസഗുള, ചോക്കോചിപ്സ് ഐസ്ക്രീം, അൽഫോൻസോ മാംഗോ ഐസ്ക്രീം, കാജു കട്ലി, ടെൻഡർ കോക്കനട്ട് ഐസ്ക്രീം, ഡെത്ത് ബൈ ചോക്കലേറ്റ് എന്നിവയാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഡെസേർട്ടുകൾ.