ഇന്ത്യയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി, ഇത്തിഹാദ് എയർവേയ്സ് 2023 ആദ്യം മുതൽ അഹമ്മദാബാദ്, ചെന്നൈ, കൊച്ചി, ഡൽഹി എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ആരംഭിക്കുന്നു.
2023 മാർച്ച് 26 മുതൽ അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പ്രതിദിന ഫ്ലൈറ്റ് സർവീസ് ആരംഭിക്കാനുള്ള പദ്ധതിയും ഇത്തിഹാദ് പ്രഖ്യാപിച്ചു. പുതിയ പ്രതിദിന ഫ്ലൈറ്റ് ആരംഭിച്ചതിന് ശേഷം, കൊൽക്കത്തയിലേക്ക് മൊത്തം ഏഴ് നോൺ-സ്റ്റോപ്പ് സർവീസുകൾ ഉണ്ടാകും. എയർബസ് എ320 എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുക, ബിസിനസ് ക്ലാസിൽ 8 സീറ്റുകളും, ഇക്കണോമി ക്ലാസിൽ 150 സീറ്റുകളുമാണ് ഇത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്.
കൊച്ചിയ്ക്ക് മുകളിലും പറക്കും ഇത്തിഹാദ്
2023 മാർച്ച് മുതൽ കൊച്ചിയിൽ ആഴ്ചയിൽ 13 വിമാന സർവ്വീസുകൾ തുടങ്ങാനും ഇത്തിഹാദ് പദ്ധതിയിടുന്നുണ്ട്. കൊച്ചിയിൽ ആഴ്ചയിൽ 6 വിമാനങ്ങളായിരിക്കും അധികമായി സർവീസ് നടത്തുക. 2023 മാർച്ച് 26 മുതൽ ആരംഭിക്കുന്ന അധിക വിമാന സർവ്വീസടക്കം കൊച്ചിയിലേക്കുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം ഇതോടെ ആഴ്ചയിൽ 13 ആകും. 2023 ഏപ്രിൽ 24 മുതൽ ഡൽഹിയിലേക്കും മുംബൈയിലേക്കും ഇത്തിഹാദ് അധിക പ്രതിദിന സർവീസ് നടത്തും. കൊൽക്കത്തയിലേക്കുള്ള ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതും മറ്റ് റൂട്ടുകളിൽ അധിക സർവ്വീസുകൾ ആരംഭിക്കുന്നതും ഇന്ത്യയിലെ ഇത്തിഹാദിന്റെ പ്രതിവാര ഫ്ലൈറ്റുകൾ 77 ആയിരുന്നത് 118 ആയി വർധിപ്പിക്കും.